covid-india

ജനീവ: കൊവിഡ് രോഗം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയിൽ മണിക്കൂറുകൾക്കകം എട്ടാം സ്ഥാനത്തുനിന്നും ഏഴാം സ്ഥാനത്തേക്കെത്തി ഇന്ത്യ. ലോകാരോഗ്യ സംഘടന നൽകുന്ന കണക്കുകൾ പ്രകാരം രോഗികളുടെ എണ്ണത്തിൽ ഇന്ത്യ ഇപ്പോൾ ഇറ്റലിയുടെ പുറകിലാണ്. ഇറ്റലിയിലെ രോഗികളുടെ എണ്ണം 2,32,644 ആണെങ്കിൽ ഒടുവിലത്തെ കണക്ക് പ്രകാരം ഇന്ത്യയിൽ 1,82,143 രോഗികളാണ് ഉള്ളത്.

ഇന്ത്യയ്ക്കും ഇറ്റലിക്ക് മുൻപിലായി യഥാക്രമം, സ്പെയിൻ, യു.കെ, റഷ്യ, ബ്രസീൽ അമേരിക്ക എന്നീ രാജ്യങ്ങളാണ് പട്ടികയിലുള്ളത്. ഇക്കൂട്ടത്തിൽ ഏറ്റവും മുൻപിലുള്ള രാജ്യമായ അമേരിക്കയിൽ 17,16,078 രോഗികളാണ് നിലവിൽ ഉള്ളത്. ലോകത്താകമാനം നിലവിൽ 59,34,936 രോഗികളാണുള്ളത്. ഇതുവരെ ലോകത്ത് മരണപ്പെട്ടവരുടെ എണ്ണം 3,67,166 ആണ്.

ഇന്ത്യയിൽ ഇതുവരെ 5,269 പേരാണ് രോ​ഗം ​ബാ​ധി​ച്ച്‌ മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 8380 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചിട്ടുമുണ്ട്. ഇതാദ്യമായാണ് ഒറ്റ ദിവസം കൊണ്ടുമാത്രം 8000ലധികം രോഗികൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഏതാനും മണിക്കൂറുകൾക്ക് മുൻപാണ് ഇന്ത്യ ജർമനിയെ പിന്നിലാക്കി ഏഴാം സ്ഥാനത്തേക്ക് എത്തിയതെന്ന വസ്തുത രോഗ്യവ്യാപനത്തെക്കുറിച്ചുള്ള ആശങ്ക വർദ്ധിപ്പിക്കുകയാണ്.