kk-shailaja

തിരുവനന്തപുരം: കൊവിഡ് രോഗലക്ഷണങ്ങളുമായി എത്തിയ പ്രവാസിയെ മെഡിക്കൽ കോളേജിലെ സ്രവപരിശോധനയ്ക്ക് ശേഷം വീട്ടിലേക്ക് മടക്കിഅയച്ച സംഭവത്തിൽ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ആശുപത്രി സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തുന്നവർക്കെതിരെ ശക്തമായി നടപടിയെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗലക്ഷണമില്ലാത്തവരെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യപ്പെടാതെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് അയക്കാമെന്ന് കേന്ദ്ര മാർഗനിർദ്ദേശങ്ങൾ ഉണ്ടെങ്കിലും പോസിറ്റീവ് കേസുകളിൽ കേരളം അങ്ങനെ തീരുമാനിക്കാറില്ല. സ്രവ പരിശോധനയ്ക്ക് സാമ്പിൾ എടുത്ത് കഴിഞ്ഞാൽ റിസൾട്ട് വരുന്നത് വരെ കാത്ത് നിൽക്കേണ്ടതുണ്ട്. അതിനിടയിൽ രോഗിയെ ആംബുലൻസിൽ വീട്ടിലെത്തിക്കുകയാണ് ചെയ്തത്. എന്തുകൊണ്ടാണ് നടപടിക്രമം കൃത്യമായി പാലിക്കാതിരുന്നതെന്ന് അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കുവൈറ്റിൽ നിന്ന് ഇന്നലെ വന്ന ആലങ്കോട് സ്വദേശിയെയാണ് വീട്ടിലേക്ക് വിട്ടത്.വിമാനത്താവളത്തിലെത്തിലെ പരിശോധനയിൽ രോഗലക്ഷണങ്ങൾ കണ്ടതോടെ ഇയാളെ തിരുവനന്തപുരം മെഡിക്കൽകോളേജിലേക്ക് മാറ്റി. അവിടെ സ്രവം എടുത്ത ശേഷം വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.