ജനിച്ച് മൂന്നാമത്തെയോ നാലാമത്തെയോ ദിവസം മുതൽ കുഞ്ഞിനെ ദിവസവും കുളിപ്പിക്കാം. മാസം തികയാതെ ജനിച്ചതും ഭാരക്കുറവുള്ളതുമായ കുഞ്ഞുങ്ങളെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം മാത്രം കുളിപ്പിക്കുക. വീട്ടിൽ തയാറാക്കുന്ന ശുദ്ധമായ ഉരുക്കു വെളിച്ചെണ്ണയോ തേങ്ങാപ്പാലോ പുരട്ടി കുളിപ്പിക്കുന്നത് കുഞ്ഞിന്റെ ചർമ്മത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കും. വിപണിയിൽ ലഭിക്കുന്ന എണ്ണയാണ് ഉപയോഗിക്കുന്നതെങ്കിൽ ശുദ്ധമായ ഒലിവെണ്ണ തിരഞ്ഞെടുക്കുക.
അസിഡിക് പിഎച്ച് ഉള്ള സോപ്പുകൾ മാത്രം ഉപയോഗിക്കുക. അമിത സുഗന്ധമുള്ളതും നിറങ്ങൾ ഉള്ളതുമായ സോപ്പുകൾ ഒഴിവാക്കി വെളുത്ത നിറമുള്ള സോപ്പ് ഉപയോഗിക്കുക. അലർജി, അറ്റൊപിക് ഡെർമ്മറ്റെറ്റിസ് ഇവയുള്ള കുഞ്ഞുങ്ങൾക്ക് ആൽക്കലൈൻ പി.എച്ച് ഉള്ള സോപ്പുകൾ നിർബന്ധമായും ഒഴിവാക്കുക. കുളിപ്പിച്ച ശേഷം അല്പം ഈർപ്പം ശരീരത്തിൽ നിലനിറുത്തിക്കൊണ്ടുതന്നെ അൽപ്പം എണ്ണയോ മോയ്സ്ചറൈസറോ പുരട്ടി കുഞ്ഞിന്റെ ശരീരം തടവുക.