വളാഞ്ചേരി: പൊലീസ് ചമഞ്ഞു ആളുകളിൽ നിന്നും പണം തട്ടിയ പിടികിട്ടാപ്പുള്ളിയടക്കം രണ്ടുപേർ വളാഞ്ചേരി പൊലീസിന്റെ പിടിയിലായി. തൃശൂർ അന്തിക്കാട് മണലൂർ സ്വദേശിയും വളാഞ്ചേരി ബാവപ്പടിയിലെ താമസക്കാരനുമായ വല്ലത്ത്പറമ്പിൽ വീട്ടിൽ ഉണ്ണി ശംഖു എന്ന അലി അക്ബർ (33 ), വളാഞ്ചേരി വടക്കുംപുറം കടുങ്ങാട് സ്വദേശി കുന്നതന്മാരിൽ വീട്ടിൽ രമേശ് (35 ) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ഒരാഴ്ചയായി പ്രതികൾ വളാഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും ബൈക്കിൽ കറങ്ങുകയും കൂട്ടുകൂടി നിൽക്കുകയും ചെയ്യുന്നവരെ പൊലീസ് ആണെന്ന് പറഞ്ഞു വിരട്ടി ഓടിക്കുകയും ആളുകളിൽ നിന്നും പണപ്പിരിവ് നടത്തി വരികയുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു. അമ്പാളിലെ ഒരു വീട്ടിൽ കയറിയും പണപ്പിരിവ് നടത്തി. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ട്രാഫിക് ഗാർഡ് അസോസിയേഷൻ എന്ന സംഘടനയുടെ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. പിടിയിലായ അലി അക്ബറിനെതിരെ അന്തിക്കാട് പൊലീസ് സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളുണ്ടെന്നും പിടികിട്ടാപ്പുള്ളിയാണെന്നും പൊലീസ് അറിയിച്ചു. ഇയാളെ അന്തിക്കാട് പൊലീസിന് കൈമാറി. എസ്.ഐ. മുരളീകൃഷ്ണന്റെ നേതൃത്വത്തിൽ എ.എസ്.ഐ. ശിവകുമാർ, സി.പി.ഒ. അനീഷ് എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.