പെരിന്തൽമണ്ണ: തെങ്ങോല കൈയിൽ കിട്ടിയാൽ പിന്നെ രാഹുൽ അടങ്ങിയിരിക്കില്ല. മനോഹരമായ കൊട്ടയും പാത്രവും തൊപ്പിയുമെല്ലാം ഓല ഉപയോഗിച്ച് നിർമ്മിച്ച് വിസ്മയം തീർക്കാൻ ഈ മിടുക്കന് അധിക സമയമൊന്നും വേണ്ട. ലോക്ക് ഡൗണിനിടയിൽ യു ട്യൂബ് വീഡിയോ കണ്ടതോടെയാണ് രാഹുൽ നേരമ്പോക്കിനായി ഓലയെടുത്ത് 'പുതിയ ജോലി' തുടങ്ങിയത്. സംഭവം ഹിറ്റായി. വിവരമറിഞ്ഞ അയൽക്കാരും കൂട്ടുകാരുമെല്ലാം തൊപ്പിക്കും പാത്രത്തിനും ഓർഡർ കൊടുത്തിരിക്കുകയാണ്. നന്നായി ഓലമെടയാനും ഈ മിടുക്കന് അറിയാം. പരിയാപുരം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാംക്ലാസ് വിദ്യാർത്ഥിയാണ് പി.ആർ.രാഹുൽ. പരിയാപുരം പണിക്കരുകാട് സുന്ദരത്ത് ബിജുവിന്റെയും പ്രസന്നയുടെയും മകനാണ്. ഇരുവരും ടാപ്പിങ് തൊഴിലാളികളാണ്. വയനാട് സുൽത്താൻ ബത്തേരിയാണ് ഇവരുടെ സ്വദേശം.