loan
ഗോൾഡ് ലോൺ

പരപ്പനങ്ങാടി: ജീവനക്കാരുടെ കുറവ് ചൂണ്ടിക്കാട്ടി ബാങ്കുകൾ സ്വർണ്ണ പണയ വായ്പകൾ നൽകാത്തത് സാധാരണക്കാരെയും വ്യാപാരികളെയും കൂടുതൽ ദുരിതത്തിലാക്കുന്നു. പല ബാങ്കുകളിലും സ്വ‌ർണ്ണ പണയ വായ്പാ നടപടികൾ നിർത്തിവച്ചിട്ടുണ്ട്. 50 ശതമാനം ജീവനക്കാർ മാത്രമേ ബാങ്കുകളിലൊള്ളൂ എന്നും തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് സ്വർണ്ണ പണയം നിർത്തിയതെന്നുമാണ് അധികൃതരുടെ വിശദീകരണം. എളുപ്പത്തിൽ കിട്ടുന്ന വായ്പയെന്ന നിലയിൽ സ്വർണ്ണ പണയം ഏറെ പേർക്ക് ആശ്വാസമേകുന്നതായിരുന്നു. കാർഷികവിള ഉത്പാദനം,​ വിള പരിപാലനം,​ മറ്റ് കാർഷിക, കൃഷി അനുബന്ധ പ്രവർത്തനങ്ങൾ,​ ബിസിനസ്,​ തൊഴിൽ,​ എം.എസ്.എം.ഇ സംരംഭങ്ങളിൽ നിക്ഷേപിക്കാൻ,​ മറ്റ് ഉത്പാദനപരമായ ആവശ്യങ്ങൾ,​ മെഡിക്കൽ ആവശ്യങ്ങൾ,​ ദീർഘകാലം ഈട് നിൽക്കുന്ന വസ്തുക്കൾ വാങ്ങുന്നതിന്,​ കുടുംബപരവും സാമൂഹികപരവുമായ ചെലവുകൾ എന്നിവയ്ക്കായി വിവിധ സ്കീമുകളിലാണ് സ്വർണ്ണപണയ വായ്പകൾ അനുവദിച്ചിരുന്നത്. ലളിതവും സങ്കീർണ്ണതകളുമില്ലാത്ത വായ്പാ പദ്ധതിയാണെന്നതും സാധാരണക്കാർ കൂടുതൽ ആശ്രയിക്കാൻ കാരണമാണ്. ബാങ്കിന്റെ ജ്യുവൽ അപ്രൈസർ ആഭരണങ്ങളുടെ മൂല്യനിർണ്ണയം നടത്തിയ ശേഷം വിലയുടെ 80 ശതമാനം വരെ ലോൺ അനുവദിക്കും. ലോക്‌ഡൗൺ നീണ്ടതോടെ ചെറുകിട വ്യാപാരികൾ അടക്കം കടുത്ത സാമ്പത്തിക പ്രയാസത്തിലാണ്. പലരും വായ്പകളും സർക്കാർ സഹായവും പ്രതീക്ഷിച്ചാണ് കഴിയുന്നത്. കുടുംബശ്രീ അംഗങ്ങൾക്ക് 20,000 രൂപ പലിശ രഹിത വായ്പകൾ ലഭ്യമാകുമെന്ന സർക്കാർ പ്രഖ്യാപനം പൂർണ്ണമായും നടപ്പാക്കാനായിട്ടില്ല. വായ്പാ തുക 6,​000 രൂപയാക്കി കുറച്ചിട്ടുണ്ട്. ലോക്‌ഡൗൺ അവസാനിച്ചാലും സാധാരണ ജീവിതം തിരിച്ചുപിടിക്കാൻ സമയമെടുക്കുമെന്നതിനാൽ പലിശ രഹിത വായ്പകൾ അനുവദിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.