clipart
പള്ളി

പൊന്നാനി: പതിവുകളിൽ നിന്ന് മാറി റമദാനിന്റെ ആദ്യ പത്ത് പടിയിറങ്ങി. കാരുണ്യത്തിന്റെതാണ് ആദ്യ പത്ത്. പള്ളികളിലുള്ള കൂട്ടനമസ്‌ക്കാരമില്ലാതെയാണ് ഇത്തവണത്തെ റമദാൻ. വിശ്വാസികളെ കൊണ്ട് നിറയുകയും ഖുർആൻ പാരായണത്താൽ മുഖരിതമാവുകയും ചെയുന്ന പള്ളികൾ ഇത്തവണത്തെ റമദാനിൽ ശൂന്യമാണ്. പള്ളികൾ കേന്ദ്രീകരിച്ചുള്ള ഇഫ്ത്താറുകൾ ഇത്തവണയില്ല. പളളികളിലെ മത പ്രഭാഷണങ്ങൾക്കു പകരം ഇത്തവണ ഓൺലൈൻ പ്രഭാഷണങ്ങളാണ്. ഖുർആനുമായി ബന്ധപ്പെട്ട പരീക്ഷകളും അനുബന്ധ പരിപാടികളും ഇത്തവണ ഓൺലൈൻ വഴിയാണ്. കൂട്ട നമസ്‌ക്കാരങ്ങൾ വീടുകളിൽ കുടുംബാംഗങ്ങൾ ഒന്നിച്ചാണ്. തറാവീഹ് നമസ്‌ക്കാരത്തിന് വീട്ടിലുളളവർ ഒരുമിച്ചു നിൽക്കുന്നു. ഖുർആൻ ഹൃദസ്തമാക്കിയവരാണ് നേതൃത്വം നൽകുന്നത്. മനപാഠമാക്കിയരില്ലെങ്കിൽ ഖുർആൻ നോക്കി പാരായണം ചെയ്താണ് തറാവീഹ് നമസ്‌ക്കാരത്തിന് നേതൃത്വം നൽകുന്നത്. സാധാരണ റമദാനുകളിൽ ആദ്യ പത്തിൽ തറാവീഹ് നമസ്‌ക്കാരത്തിന് പള്ളികൾ നിറഞ്ഞുകവിയും. ആദ്യ പത്തിൽ രണ്ടു വെള്ളിയാഴ്ച്ചകളാണ് കഴിഞ്ഞു പോയത്. റമദാനിലെ വെള്ളിയാഴ്ച്ച വിശ്വാസികൾക്ക് ഏറെ പവിത്രമാണ്. വളരെ നേരത്തെ പളളികളിൽ ഒരുമിച്ചുകൂടുന്ന രീതിയാണ് മുൻകാലങ്ങളിൽ ഉണ്ടായിരുന്നത്. ജുമുഅ ഇല്ലാത്ത വെളളിയാഴ്ച്ചകളാണ് കഴിഞ്ഞു പോയത്. ജുമുഅക്ക് പകരം വെള്ളിയാഴ്ച്ച വീടുകളിൽ ളുഹർ നമസ്‌ക്കരിച്ചാണ് പ്രാർത്ഥന നടത്തിയത്. എല്ലാ നമസ്‌ക്കാരങ്ങളും വീടുകളിൽ കുടുംബങ്ങൾ ഒന്നിച്ചാണ് നിർവ്വഹിക്കുന്നത്.

നോമ്പ് തുറ വിഭവങ്ങളിലും ഇത്തവണ വലിയ മാറ്റങ്ങളാണ് പ്രകടമായത്. പുറത്തു നിന്നു വാങ്ങുന്ന പൊരിച്ച കടികൾക്കായിരുന്നു നോമ്പുതുറയിൽ പ്രാമുഖ്യം നൽകിയിരുന്നത്. ഇത്തവണ പലഹാര വിൽപ്പനക്ക് കർശന നിയന്ത്രണം വന്നതോടെ നോമ്പുതുറ വിഭവങ്ങൾ വീട്ടിലുണ്ടാക്കാൻ നിർബന്ധിതമായി. പഴവർഗ്ഗങ്ങൾ പ്രധാന വിഭവങ്ങളായി സ്ഥാനം പിടിച്ചു. ഇഫ്ത്താർ സംഗമങ്ങളില്ലാത്ത നോമ്പ് കാലമാണ് പിന്നിടുന്നത്.

റമദാനിന്റെ രാത്രികളിൽ പന്ത്രണ്ട് മണി വരെ ആളുകൾ പുറത്തുണ്ടാകുന്ന കാലമായിരുന്നു മുൻപുണ്ടായിരുന്നത്. ഇത്തവണത്തെ റമദാനിൽ വൈകീട്ട് അഞ്ചുമണിക്ക് ശേഷം അങ്ങാടികളൊക്കെയും വിജനാണ്. അത്താഴം വരെയുള്ള സമയം ചിലവഴിക്കാൻ കുട്ടികൾ പതിവ് രീതികൾതന്നെയാണ് തുടരുന്നത്. ഓരോ പ്രദേശത്തേയും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും സാമൂഹ്യ സേവന സംരംഭങ്ങൾക്കും ഫണ്ട് സമാഹരിച്ചിരുന്നത് റമദാനിലെ അവസാന രണ്ട് പത്തുകളിലായിരുന്നു. പാലിയേറ്റീവ് ക്ലിനിക്കുകൾ, ഡയാലിസിസ് സെന്ററുകൾ ഉൾപ്പെടെയുള്ള കേന്ദ്രങ്ങളുടെ ഒരു വർഷത്തേക്കുള്ള പ്രവർത്തന ഫണ്ട് കണ്ടെത്തുന്നതിന് ഇത്തവണ അനിശ്ചിതാവസ്ഥ നിലനിൽക്കുകയാണ്. പള്ളികൾ കേന്ദ്രീകരിച്ചും വീടുകൾ കയറിയിറങ്ങിയുമായിരുന്നു ഫണ്ട് സമാഹരിച്ചിരുന്നത്. കോവിഡും ലോക്ക്ഡൗണും ഇത്തരം സംരംഭങ്ങളുടെ പ്രവർത്തനത്തെ അനിശ്ചിതാവസ്ഥയിലാക്കും.

അവസാന പത്തിലെ ഖിയാമുല്ലൈലും (രാത്രി നമസ്‌ക്കാരം), ഇഅത്തിക്കാഫും (ഭജനമിരിക്കൽ) ഇത്തവണ പള്ളികളിലുണ്ടാവില്ല. അർദ്ധരാത്രിയിലെ നമസ്‌ക്കാരത്തിനും പള്ളിയിലെ ഭജനമിരിക്കലിനും നിരവധി വിശ്വാസികളാണ് പള്ളികളിലെത്താറുള്ളത്.