മലപ്പുറം: കൊവിഡ് 19 ന്റെ ഭാഗമായി ലോക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ അന്യ സംസ്ഥാന തൊഴിലാളികൾക്ക് ഭക്ഷണ ലഭ്യത ഉറപ്പുവരുത്താനുള്ള നടപടികൾ ജില്ലയിൽ പുരോഗമിക്കുന്നു. രണ്ട് ലക്ഷത്തിലധികം അന്യ സംസ്ഥാന തൊഴിലാളികളും കുടുംബങ്ങളുമാണ് സർക്കാർ ഒരുക്കിയ കരുതലിന്റെ ഭാഗമായത്. ജില്ലയിൽ ഇതുവരെ 2,08,634 ഭക്ഷ്യോത്പന്ന കിറ്റുകൾ വിതരണം ചെയ്തായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.
ഏഴ് താലൂക്കുകളിലായി വില്ലേജ് ഓഫീസുകളുടെ നേതൃത്വത്തിലാണ് കിറ്റുകൾ വിതരണം ചെയ്യുന്നത്. പെരിന്തൽമണ്ണ സബ് കലക്ടർ കെ.എസ്. അഞ്ജുവിന്റെ നേതൃത്വത്തിലുള്ള കൺട്രോൾ സെൽ വിതരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നു. ഇന്നലെ 1,196 ഭക്ഷ്യോത്പന്ന കിറ്റുകളാണ് വിതരണം ചെയ്തത്. ആദ്യഘട്ടത്തിൽ കിറ്റുകൾ നൽകിയ തൊഴിലാളികൾക്കും പുതുതായി കണ്ടെത്തിയ തൊഴിലാളികൾക്കും കുടുംബങ്ങൾക്കും തുടർ ഘട്ടങ്ങളിൽ ഭക്ഷ്യോത്പന്നങ്ങൾ ലഭ്യമാക്കുന്നുണ്ട്.