തിരൂർ: താമസസ്ഥലത്തെ സർവ്വവും പെട്ടിയിലാക്കി കൂടപ്പിറപ്പുകളുടെ അടുത്തെത്താൻ ഒരുങ്ങുന്നതിനിടെ കേട്ട അനൗൺസ്മെന്റ് അന്യസംസ്ഥാന തൊഴിലാളികളെ ശരിക്കും ഞെട്ടിച്ചു. ട്രെയിൻ റദ്ദാക്കിയെന്ന അറിയിപ്പാണ് 1,200 ഓളം തൊഴിലാളികളെ തേടിയെത്തിയത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ തിരൂരിൽ നിന്നും ബീഹാറിലേക്ക് പുറപ്പെടേണ്ട സ്പെഷൽ ട്രെയിനാണ് അവസാന നിമിഷം റദ്ദാക്കിയത്. ബീഹാർ സർക്കാരിന്റെ അനുമതി ലഭിക്കാഞ്ഞതാണ് കാരണം. ഇവരുടെ യാത്രയ്ക്കുള്ള എല്ലാ ഒരുക്കങ്ങളും കേരളം പൂർത്തിയാക്കിയിരുന്നു. തിരൂരിലും പരിസരങ്ങളിലുമുള്ള അന്യസംസ്ഥാന തൊഴിലാളും യാത്രയ്ക്ക് തയ്യാറായിരുന്നു.
തൊഴിലാളികളെ താമസസ്ഥലത്ത് നിന്നും റെയിൽവെ സ്റ്റേഷനിലെത്തിക്കാൻ കെ എസ് ആർ ടി സി നിരത്തിലുണ്ടായിരുന്നു. തിരൂർ തഹസിൽദാർ കെ. മുരളിയുടെ നേതൃത്വത്തിൽ റവന്യൂസംഘം ഇവർക്കായി ഭക്ഷണവും വെളളവുമെല്ലാം കരുതിയിരുന്നു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായ കണക്കെടുത്ത് പാസ് നൽകിയ തൊഴിലാളികളാണ് ഒടുവിൽ യാത്ര മുടങ്ങി ക്ലേശത്തിലായത്. ഇനി എന്നായിരിക്കും ആ വണ്ടിയുടെ ചൂളംവിളി എന്നോർത്ത് കഴിയുകയാണ് കേരളത്തിൽ അന്നം തേടിയെത്തിയ ഈ മറുനാടൻ തൊഴിലാളികൾ.
ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കാത്തതാണ് യാത്ര ഉപേക്ഷിക്കാൻ കാരണം. കേരളത്തിന്റെ ഭാഗത്തുനിന്ന് എല്ലാ ഒരുക്കങ്ങളും പൂർത്തിയായിരുന്നു. ബിഹാർ സർക്കാരിന്റെ അനുമതി ലഭിക്കുന്ന മുറയ്ക്ക് യാത്രാ സൗകര്യം ഏർപ്പെടുത്തും
ജാഫർ മാലിക്ക്, ജില്ലാകളക്ടർ