മലപ്പുറം: ഇടവിട്ടുള്ള മഴയ്ക്ക് പിന്നാലെ പകർച്ചവ്യാധികളുടെ ഭീഷണിയും ജില്ലയിൽ തലപൊക്കുന്നു. ഒരാഴ്ച്ചയ്ക്കിടെ ഡെങ്കി സംശയിച്ച് രണ്ടുപേരെയും എലിപ്പനി ലക്ഷണങ്ങളോടെ നാലുപേരെയും ജില്ലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. പരിസര ശുചീകരണത്തിൽ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ ജില്ലയെ വിറപ്പിച്ച ഡെങ്കിയും എലിപ്പനിയും വീണ്ടും ഭീഷണിയാവാമെന്ന മുന്നറിയിപ്പ് ആരോഗ്യവകുപ്പ് നൽകുമ്പോഴും മിക്കവരും ഇക്കാര്യത്തിൽ ശ്രദ്ധ പുലർത്തുന്നില്ല.
കൊവിഡിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മഴക്കാല പൂർവ്വ ശുചീകരണ പ്രവൃത്തികളെല്ലാം താളംതെറ്റി. 2018ൽ ജില്ലയെ ഡെങ്കി വിറപ്പിച്ചിട്ടുണ്ട്. 877 പേർക്ക് രോഗം ബാധിച്ചപ്പോൾ ഒമ്പതുപേർ മരിച്ചു. സംസ്ഥാനത്ത് തന്നെ ഏറ്റവും കൂടുതൽ ഡെങ്കി റിപ്പോർട്ട് ചെയ്തത് മലപ്പുറത്തായിരുന്നു. തദ്ദേശ സ്ഥാപനങ്ങളുടെയും ആരോഗ്യവകുപ്പിന്റെയും നിരന്തര ഇടപെടലിനെ തുടർന്ന് കഴിഞ്ഞ വർഷം കേസുകളുടെ എണ്ണം 361 ആയി കുറയ്ക്കാനും മരണങ്ങൾ തടയാനുമായി. എലിപ്പനിയും ജില്ലയിൽ ഭീഷണിയാണ്. രണ്ടുവർഷത്തിനിടെ 347 കേസുകളും 11 മരണങ്ങളുമുണ്ടായി. തുടർച്ചയായ പ്രളയങ്ങളും തുടർന്നുള്ള സാഹചര്യങ്ങളും എലിപ്പനി കേസുകൾ വർദ്ധിക്കാൻ കാരണമായിട്ടുണ്ട്.
അയൽജില്ലകളെ അപേക്ഷിച്ച് നിലവിൽ ഡെങ്കി, എലിപ്പനി കേസുകൾ കുറവാണെങ്കിലും ജനസാന്ദ്രതയും പരിസര ശുചീകരണത്തിലെ അലംഭാവവും ജില്ലയ്ക്ക് വിനയാവും. മഞ്ചേരി മെഡിക്കൽ കോളേജടക്കം ജില്ലയിലെ പ്രധാന ആശുപത്രികൾ കൊവിഡ് ആശുപത്രികളാക്കി മാറ്റിയിട്ടുണ്ട്. ഇവിടങ്ങളിലെ സൗകര്യങ്ങളും സംവിധാനങ്ങളും മറ്റു രോഗികൾക്ക് ലഭ്യമാവില്ലെന്നതിനാൽ പകർച്ചവ്യാധികൾ പടർന്നാൽ വിദഗ്ദ്ധചികിത്സ ലഭ്യമാക്കുന്നതിൽ പോലും പ്രയാസമുണ്ടാവും.
പനിബാധിതർ കുറവ്
ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം സർക്കാർ ആശുപത്രികളിലെത്തുന്ന പനിബാധിതരുടെ എണ്ണം നാലിലൊന്നായി കുറഞ്ഞിട്ടുണ്ട്.
കൊവിഡ് സംശയിക്കുമോയെന്ന ഭയത്തിൽ പനി ബാധിച്ചാലും ചികിത്സ തേടാതിരിക്കുന്നതാണ് ഇതിന് കാരണമെന്നും ചൂണ്ടിക്കാട്ടുന്നു.
ജില്ലയിൽ നിലവിൽ ഒരുദിവസം ശരാശരി 300നും 400നും ഇടയിൽ പേരാണ് വൈറൽ പനിക്കായി ചികിത്സ തേടുന്നത്.
പനി സീസണല്ലാത്ത സമയങ്ങളിൽ പോലും ഇതിനേക്കാൾ രോഗികളുണ്ടാവാറുണ്ട്.
പനി സീസണിൽ രോഗികളുടെ എണ്ണം രണ്ടായിരം കവിയും. കഴിഞ്ഞ ഒരാഴ്ച്ചക്കിടെ 2.337 പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്.