മലപ്പുറം: ജില്ലയിൽ പുതുതായി ആർക്കും കൊവിഡ് ബാധ സ്ഥിരീകരിച്ചിട്ടില്ലെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ജില്ല ഇപ്പോൾ ഓറഞ്ച് സോണിൽ തുടരുകയാണ്. നിലവിൽ രോഗബാധിതരില്ലെങ്കിലും ആരോഗ്യജാഗ്രത കർശനമായി പാലിക്കണം. ഇതര സംസ്ഥാനങ്ങളിലെ രോഗബാധിത പ്രദേശങ്ങളിൽ നിന്ന് നിരവധി മലപ്പുറം സ്വദേശികൾ തിരിച്ചെത്തിക്കൊണ്ടിരിക്കുന്നുണ്ട്. വിദേശരാജ്യങ്ങളിൽ നിന്നുള്ളവരും വരും ദിവസങ്ങളിൽ ജില്ലയിലെത്തും. ഈ സാഹചര്യത്തിൽ ചെറിയ അശ്രദ്ധപോലും രോഗ വ്യാപനത്തിന് കാരണമാവും. ഇക്കാര്യത്തിൽ പ്രത്യേക ശ്രദ്ധ എല്ലാവരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും ജില്ലാ ഭരണകൂടവും ആരോഗ്യ പ്രവർത്തകരും നൽകുന്ന ജാഗ്രതാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും ജില്ലാ കളക്ടർ ആവർത്തിച്ച് അഭ്യർത്ഥിച്ചു.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 87 പേർക്കു കൂടി കൊവിഡ് ബാധയില്ലെന്ന് വിദഗ്ദ്ധ പരിശോധനകൾക്കുശേഷം ആരോഗ്യ വകുപ്പ് സ്ഥിരീകരിച്ചു. ജില്ലയിൽ ഇതുവരെ 2,198 പേർക്കാണ് വൈറസ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്.
67 പേരുടെ പരിശോധനാ ഫലങ്ങളാണ് ഇനി ലഭിക്കാനുള്ളത്.
തഹസിൽദാർമാർ എക്സി. മജിസ്ട്രേറ്റുമാർ
കൊവിഡ് 19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ജില്ലയിൽ നിരോധനാജ്ഞ നിലനിൽക്കുന്നതിനാൽ താലൂക്ക് തഹസിൽദാർമാരെ എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാരായി നിയമിച്ച് ജില്ലാ കളക്ടർ ജാഫർ മാലിക് ഉത്തരവിറക്കി.
എക്സിക്യുട്ടീവ് മജിസ്ട്രേറ്റുമാർ നിരോധനാജ്ഞ നിലനിൽക്കുന്ന മേയ് 17 അർദ്ധരാത്രി വരെ മുഴുവൻ സമയവും താലൂക്ക് പരിധികളിൽ ഉണ്ടാകണം. പൊലീസുമായി ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തണം.
വിഷൻ മജിസ്ട്രേറ്റുമാരുമായി ബന്ധപ്പെട്ട് ലഭിക്കുന്ന നിർദ്ദേശങ്ങൾക്കനുസരിച്ച് പ്രവർത്തിക്കണം.
രോഗം ഭേദമായ രണ്ടുപേർ തുടർ നിരീക്ഷണങ്ങൾക്കായി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ സ്റ്റെപ്പ് ഡൗൺ ഐ.സി.യുവിലുണ്ട്. മറ്റാരും ചികിത്സയിലില്ല
ഡോ. കെ. സക്കീന , ഡി.എം.ഒ
45 പേർക്കുകൂടിജില്ലയിൽ ഇന്നലെ പ്രത്യേക കൊവിഡ് നിരീക്ഷണം ഏർപ്പെടുത്തി
1,526പേരാണ് ജില്ലയിൽ നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്