മഞ്ചേരി: ഫുട്ബാൾ ലോകത്ത് തരംഗമായി മലപ്പുറത്തെ 12കാരന്റെ അഭ്യാസ പ്രകടനങ്ങൾ. മെസിയുടെയും റൊണാൾഡോയുടെയും ആരാധകനായ മലപ്പുറം കാട്ടുമുണ്ടയിലെ മിഷാൽ അബുലൈസിന്റെ ഫുട്ബാൾ കൊണ്ടുള്ള മാസ്മരിക പ്രകടനങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ഗോൾപോസ്റ്റിന്റെ മൂലയ്ക്കു കെട്ടിയ ടയറിനുള്ളിലൂടെ വളഞ്ഞിറങ്ങുന്ന ,മെസി സ്റ്റൈൽ ഫ്രീകിക്കുകളും റോണാൾഡോ സ്റ്റൈൽ കിടിലൻ ഷോട്ടുകളും മിഷാലിന്റെ സ്പെഷ്യാലിറ്റിയാണ്. ഇതുപോലെയുള്ള മിഷാലിന്റെ പ്രകടനങ്ങൾ ആവേശത്തോടെയാണ് സോഷ്യൽമീഡിയ ഏറ്റെടുത്തിരിക്കുന്നത്.
കാട്ടുമുണ്ട ജി.യു.പി സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർത്ഥിയാണ് മിഷാൽ. നാലാംക്ലാസ് മുതലാണ് കൃത്യമായ പരീശീലനം തുടങ്ങിയത്. ജേഷ്ഠൻ വാജിദ് അബുലൈസാണ് ആദ്യപാഠങ്ങൾ പകർന്നു നൽകിയത്. തുടർന്ന് മമ്പാട് റെയിൻബോ അക്കാദമിയിൽ പരിശീലനം തുടങ്ങി. അതിനിടെ ബംഗളൂരു എഫ്.സിയിൽ സെലക്ഷൻ ട്രയൽസിനും തിരഞ്ഞെടുക്കപ്പെട്ടു.
ഫുട്ബാൾ പാരമ്പര്യമുള്ള കുടുംബത്തിലെ അംഗമാണ് മിഷാൽ. മിഷാലിന്റെ ഉപ്പ അബുലൈസ് ഫ്രണ്ട്സ് മമ്പാട് ഫുട്ബാൾ ടീമീലെ കളിക്കാരനായിരുന്നു. സീനിയർ ജില്ലാ ടീമിലും അദ്ദേഹം അംഗമായിരുന്നു. മമ്പാട് എം.ഇ.എസ് കോളേജിൽ പഠിക്കുന്ന സഹോദരൻ വാജിദ് കോളേജ് ഫുട്ബാൾ ടീമിലെ അംഗമാണ്.