വള്ളിക്കുന്ന് : ലോക്ക് ഡൗൺ കാലത്ത് വീട്ടിലൊതുങ്ങാതെ കൃഷിയിടത്തിലേക്കിറങ്ങിയ വീട്ടമ്മ പച്ചക്കറിക്കൃഷിയിൽ കൊയ്തത് നൂറുമേനി. കോട്ടയിൽ എടപ്പരുത്തി ബാബുവിന്റെ ഭാര്യ സുശീലയാണ് മണ്ണട്ടംപാറ പാടത്ത് 35 സെന്റ് ഭൂമിയിൽ കൃഷിയിലൂടെ വിജയം കൊയ്തത്. വീട്ടിലെ ജോലികൾക്കിടെ സമയം കിട്ടിയപ്പോഴാണ് കൃഷി ചെയ്താലോയെന്ന് ആലോചിച്ചത്. റോബസ്റ്റ വാഴ, പയർ, വെള്ളരി, ചീര, ചിരങ്ങ എന്നിവയാണ് കൃഷി ചെയ്തത്. ചിരങ്ങ, പയർ, ചീര, വെള്ളരി എന്നിവ വലിയ രീതിയിൽ വിളവെടുക്കാനായി. അയൽവാസികൾക്ക് സൗജന്യമായി നൽകി. വിൽപ്പനയ്ക്കായി മാർക്കറ്റിലെത്തിച്ചതിലൂടെ ചെറിയ രീതിയിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാനുമായി. ഭർത്താവിന്റെയും ഭർതൃസഹോദരൻമാരുടെ മക്കളായ തേജസ്, അഭിനവ്, ശ്രേയസ്, അമൃത, അധമ്യ എന്നിവരുടെ പരിചരണവും സഹായവും നല്ല വിളവെടുപ്പിന് സഹായകമായി. ഭർതൃപിതാവും വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിന്റെ നല്ല കർഷകനുള്ള അവാർഡ് ജേതാവുമായ വേലായുധന്റെ ഉപദേശങ്ങളും പ്രചോദനമായതായി സുശീല പറഞ്ഞു.