മലപ്പുറം: ലോക്ക് ഡൗണിന് പിന്നാലെ മുദ്രപത്ര ക്ഷാമം വർദ്ധിച്ചതോടെ കുടുംബശ്രീ ലോണിന് അപേക്ഷിക്കാനാവാതെ നിരവധി പേർ വലയുന്നു. ബാങ്കുകൾ ലോൺ അനുവദിക്കണമെങ്കിൽ 600 രൂപയുടെ മുദ്രപത്രത്തിൽ എഴുതിയ കരാർ അയൽക്കൂട്ടങ്ങൾ സമർപ്പിക്കണം. മുദ്രപത്രങ്ങളുടെ ആവശ്യകത വലിയ തോതിൽ വർദ്ധിച്ചതോടെ ക്ഷാമം രൂക്ഷമായി. ലോണെടുക്കുന്ന ഓരോ അംഗത്തിന്റെയും ഫോട്ടോ വേണമെന്ന ആവശ്യവും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ലോക്ക് ഡൗണിന് പിന്നാലെ സ്റ്റുഡിയോകൾ അടഞ്ഞുകിടക്കുകയാണ്. നേരത്തെ ലിങ്കേജ് വായ്പയെടുത്ത അയൽക്കൂട്ടങ്ങൾക്ക് പുതിയ മുദ്രപത്രവും ഫോട്ടോയും വേണ്ടെന്നത് ആശ്വാസമായിട്ടുണ്ട്. ആദ്യം ഇവരുടെ വായ്പകൾ പരിഗണിക്കാനാണ് അധികൃതരുടെ തീരുമാനം. ഇതു പൂർത്തിയാവുമ്പോഴേക്കും ലോക്ക്ഡൗൺ അവസാനിക്കുമെന്നും മുദ്രപത്രക്ഷാമം പരിഹരിക്കപ്പെടുമെന്നുമാണ് അധികൃതരുടെ കണക്കുകൂട്ടൽ. ഓരോ അംഗത്തിനും 20,000 രൂപ വീതം ലഭിക്കുമെന്നായിരുന്നു സർക്കാർ പ്രഖ്യാപിച്ചതെങ്കിലും അപേക്ഷകരുടെ ബാഹുല്യത്തോടെ ഇത് 6,000 രൂപയായി വെട്ടിക്കുറച്ചു. ലോൺ വാങ്ങാത്ത അംഗങ്ങൾക്ക് വേണമെങ്കിൽ അയൽക്കൂട്ടത്തിലെ നിർധനരായ അംഗങ്ങൾക്ക് മാറ്റിനൽകാം. ഇങ്ങനെ 20,000 രൂപ വരെ ലോൺ നേടാനാവും.
ഒരുലക്ഷത്തോളം പേർ പുറത്ത്
ജില്ലയ്ക്കായി 197 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. 110 സി.ഡി.എസുകൾക്ക് കീഴിലായി 28,121 അയൽക്കൂട്ടങ്ങളാണുള്ളത്. ഇതിൽ 4,39,876 അംഗങ്ങളുണ്ട്. കുടുംബശ്രീ സംസ്ഥാന മിഷന്റെ നിബന്ധനകൾ പ്രകാരം ഇതിൽ ഒരുലക്ഷത്തോളം പേർ വായ്പാ പദ്ധതിയിൽ നിന്ന് പുറത്താവും. സി.ഡി.എസുകൾക്ക് നൽകിയ മാനദണ്ഡപ്രകാരം നേരത്തെ ലോണെടുത്ത് തിരിച്ചടവ് മുടക്കിയ നിർധന കുടുംബങ്ങൾ പോലും പുറത്താവും. ലിങ്കേജ് ലോൺ ഉൾപ്പെടെ എടുത്തവർ ഇക്കൂട്ടത്തിൽപ്പെടും. കുടുംബശ്രീ വഴി സ്വയംസംരംഭങ്ങൾക്കായി ലോണെടുത്ത് പ്രയാസപ്പെടുന്നവരും ഏറെയുണ്ട്. കുടുംബനാഥകളായ സ്ത്രീകൾ, ഒന്നിലധികം വയോജനങ്ങളുള്ളവർ, ഭിന്നശേഷിക്കാരുള്ളവർ, 10 വയസിന് താഴെ പ്രായമുള്ള കുട്ടികളുള്ള കുടുംബങ്ങൾക്കുമാണ് മുൻഗണന നൽകുന്നത്.
മുദ്രപത്രം ക്ഷാമം സംബന്ധിച്ച കാര്യങ്ങൾ സംസ്ഥാന കുടുംബശ്രീ മിഷനെ അറിയിച്ചിട്ടുണ്ട്. പ്രശ്നം പരിഹരിക്കാനാവശ്യമായ നടപടികൾ എടുക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്.
ജില്ലാ കുടുംബശ്രീ മിഷൻ അധികൃതർ