എടപ്പാൾ: അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്ക്തുടങ്ങിയതോടെ ക്വാർട്ടേഴ്സുകൾ വാടകയ്ക്ക് എന്ന ബോർഡ് പരക്കെ ഉയരാൻ തുടങ്ങി. ബീഹാറിൽ നിന്നുള്ള 1140 പേരും മദ്ധ്യപ്രദേശിൽ നിന്നുള്ള 757 ഓളം പേരും കഴിഞ്ഞ ദിവസങ്ങളിൽ മടങ്ങിയിരുന്നു. കൂടുതൽ പേർ വരും ദിവസങ്ങളിൽ തിരിച്ചുപോവും. ഇതോടെ കൂടുതൽ ക്വാർട്ടേഴ്സുകൾ ഒഴിഞ്ഞു തുടങ്ങും. ലോക്ക് ഡൗൺ കാലത്ത് പല ക്വാർട്ടേഴ്സ് ഉടമകളും വാടക ഒഴിവാക്കുകയും ചിലർ പകുതി മാത്രം ഈടാക്കുകയുമാണ് ചെയ്തിരുന്നത്. ഇനി ലോക്ക് ഡൗൺ കഴിയും വരെ ഇവയ്ക്ക് ആവശ്യക്കാരുണ്ടാവാനുള്ള സാദ്ധ്യത കുറവാണ്. നാലുലക്ഷത്തോളം പേരാണ് സംസ്ഥാനത്ത് അന്യ സംസ്ഥാന തൊഴിലാളികൾ ഉള്ളതെന്നാണ് സംസ്ഥാന സർക്കാരിന്റെ കണക്ക്.
ജില്ലയിൽ നിന്ന് ബിഹാറിലേയ്ക്കുള്ള ആദ്യ സംഘം മെയ് രണ്ടിന് യാത്രയായിരുന്നു.ഇന്നലെയാണ് മദ്ധ്യപ്രദേശ് സംഘം കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് യാത്ര തിരിച്ചത്. വിവിധ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ രാവിലെ എട്ടിനു മുമ്പായി പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി. ബസുകളിൽ അതത് താലൂക്കുകളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളിലെത്തിച്ച ശേഷമാണ് റെയിൽവേ സ്റ്റേഷനിലേക്ക് കൊണ്ടുപോയത്