പെരിന്തൽമണ്ണ: പാഴ്വസ്തുക്കൾകരവിരുതിനാൽ വർണ്ണവിസ്മയം വാരിവിതറുകയാണ് അങ്ങാടിപ്പുറം പരിയാപുരം റോഡ് തേജസ് നഗർ 23ലെ നടുവിലപ്പറമ്പിൽ അനീഷ് .
ലോക്ക് ഡൗൺ ദിനങ്ങളിലെ വിരസതയകറ്റാനായി തുടങ്ങിയതാണ്. ഒരു ദിവസം ഒന്നെന്ന രീതിയിൽ മുപ്പതിലധികം വർക്കുകൾ പൂർത്തിയാക്കി. ഓരോ വർക്കിലും വ്യത്യസ്തത കാത്തുസൂക്ഷിക്കാനായിരുന്നു ശ്രമം. ഇവയുടെ ഫോട്ടോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ ആസ്വാദകർ പ്രശംസയുമായെത്തി. വിലയ്ക്ക് വാങ്ങാനും തയ്യാറാണ് പലരും.
കെ.ജി.സി ഫൈൻ ആർട്സ് കോഴ്സ് കഴിഞ്ഞ് ഇപ്പോൾ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഡിസൈനിംഗ് അദ്ധ്യാപകനായി ജോലി നോക്കുകയാണ് അനീഷ്.
പ്ലാസ്റ്റർ ഒഫ് പാരീസ്, അക്രലിക്ക് കളർ , പാഴ്ത്തുണികൾ, കുപ്പികൾ എന്നിവയാണ് പ്രധാനമായും ഉപയോഗിക്കുന്നത്.
കടകൾ തുറക്കാത്തതിനാൽ സാധന സാമഗ്രികൾ കിട്ടാത്തതിന്റെ ബുദ്ധിമുട്ടുണ്ട്. എങ്കിലും പെൻസിൽ ഡ്രോയിങ്ങ്, വാട്ടർ കളർ, ഓയിൽ പെയിന്റിങ്ങ് എന്നിവയെല്ലാമായി ചിത്രപ്പണികളിൽ മുഴുകുകയാണ് അനീഷ്.
മക്കളായ ആദിത്യനും ആദിദേവും പിതാവിന്റെ പാത പിന്തുടർന്ന് ചിത്രരചനയിലും ടിക്ക് ടോക്കിലും സജീവമാണ്. ഭാര്യ നിഷ.