മലപ്പുറം: ആശങ്കകൾക്കും കാത്തിരിപ്പിനുമൊടുവിൽ 189 പേരുമായി ദുബായിൽ നിന്നുള്ള എയർ ഇന്ത്യയുടെ പ്രത്യേക വിമാനം ഇന്നലെ രാത്രി പത്തരയ്ക്ക് കരിപ്പൂരിലിറങ്ങി .189 യാത്രക്കാരിൽ 85 പേരാണ് മലപ്പുറം ജില്ലക്കാർ. ഇതിൽ 62 പേരെ സർക്കാർ ഒരുക്കിയ ക്വാറന്റൈൻ കേന്ദ്രങ്ങളിലും 23 പേരെ വീടുകളിലും നീരീക്ഷണത്തിനയച്ചു. ഗർഭിണികൾ - രണ്ട്, മെഡിക്കൽ എമർജൻസി - 14 , 10 വയസിന് താഴെയുള്ള കുട്ടികൾ - 3, 75 വയസ് പിന്നിട്ടവർ - 4 എന്നിങ്ങനെയാണ് വീടുകളിൽ കഴിയാൻ അനുവദിച്ചത്. അബൂദാബി - കൊച്ചി വിമാനത്തിൽ 25 മലപ്പുറം സ്വദേശികളുണ്ട്. ഇതിൽ അഞ്ചു പേരെ വീടുകളിലും ബാക്കിയുള്ളവരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലും പ്രവേശിപ്പിച്ചു. പെയ്ഡ് ടാക്സികളിലാണ് വീടുകളിലേക്ക് പോവുന്നവരെ അയച്ചത്. ആരോഗ്യപ്രവർത്തകർക്കല്ലാതെ മറ്റാർക്കും കരിപ്പൂരിലേക്ക് പ്രവേശനമുണ്ടായിരുന്നില്ല.
കരിപ്പൂരിൽ ഇറങ്ങിയവരെ കാളികാവിലെ സഫ ആശുപത്രിയിൽ ക്വാറന്റൈനിലേക്ക് മാറ്റി. ഇവിടം താത്കാലിക നിരീക്ഷണ കേന്ദ്രമായി സർക്കാരിന് വിട്ടുനൽകിയിട്ടുണ്ട്. ബാത്ത് റൂം സൗകര്യത്തോടുകൂടിയ 100 സിംഗിൾ റൂം ഇവിടെയുണ്ട്. നെടുമ്പാശ്ശേരിയിൽ ഇറങ്ങിയവരിൽ 18 പേരെ കാലിക്കറ്റ് സർവകലാശാല അന്താരാഷ്ട്ര ഹോസ്റ്റലിലെ ബാത്ത്റൂം അറ്റാച്ച്ഡ് സിംഗിൾ റൂമുകളിൽ പ്രവേശിപ്പിച്ചു. ആവശ്യപ്പെടുന്നവർക്ക് ജില്ലാഭരണകൂടം തിരഞ്ഞെടുത്ത ഹോട്ടലുകളിൽ പെയ്ഡ് റൂം നൽകുന്നുണ്ട്. ജില്ലാ ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ തന്നെയാവും ഇവരും. ഒരാഴ്ച്ച കഴിഞ്ഞ് ടെസ്റ്റ് നടത്തി രോഗലക്ഷണങ്ങൾ ഇല്ലെന്ന് ഉറപ്പാക്കിയ ശേഷം വീടുകളിൽ കർശന നീരിക്ഷണത്തിനയക്കും. ക്വാറന്റൈനിൽ കഴിയുന്നവർക്കുള്ള ഭക്ഷണം കുടുംബശ്രീ മുഖേന നൽകും. സഫ ആശുപത്രിയുടെ കാന്റീൻ പ്രയോജനപ്പെടുത്തും. മെഡിക്കൽ എമർജൻസിക്കാരെ കോഴിക്കോട്, മഞ്ചേരി മെഡിക്കൽ കോളേജുകളിലേക്കാണ് മാറ്റുന്നത്. സ്വകാര്യ ആശുപത്രികളിലേക്ക് പോവാൻ അനുവദിക്കില്ല. പിന്നീട് ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
ഡോർമെറ്ററി വേണ്ട
തിരിച്ചെത്തുന്ന പ്രവാസികളെ നിരീക്ഷിക്കുന്നതിനായി എല്ലാ സ്വകാര്യ ആശുപത്രികളുടെയും ബാത്ത് അറ്റാച്ച് സിംഗിൾ റൂം വിട്ടുതരണമെന്ന അഭ്യാർത്ഥന മിക്കവരും അംഗീകരിച്ചിട്ടുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. ഈ സംവിധാനമാവും ക്വാറന്റൈന് വേണ്ടി പ്രധാനമായും ഉപയോഗിക്കുക. കൂടുതൽ പേർ ഒന്നിച്ച് താമസിക്കുന്ന ഡോർമെറ്ററി സംവിധാനം തത്ക്കാലം ഉപയോഗിക്കേണ്ടെന്നാണ് തീരുമാനം. രോഗത്തിന്റെ സാമൂഹ്യ വ്യാപനത്തിന് ഇടയാക്കുമെന്ന അഭിപ്രായം കണക്കിലെടുത്താണിത്. ഇനി വരുന്ന പ്രവാസികളെയും ഇതേരൂപത്തിൽ ക്വാറന്റൈൻ ചെയ്യാൻ വിവിധ ഭാഗങ്ങളിൽ സൗകര്യങ്ങളൊരുക്കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
റിയാദ് വിമാനത്തിൽ ആളില്ല.
യാത്രക്കാരുടെ കുറവാണ് റിയാദ് വിമാനത്തിന്റെ സർവീസ് വെള്ളിയാഴ്ചത്തേക്ക് നീട്ടിവയ്ക്കാൻ കാരണമെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. നമ്മൾ വിചാരിക്കുന്നത് പോലെയല്ല അവിടങ്ങളിലെ യാഥാർത്ഥ്യം. നോർക്ക രജിസ്ട്രേഷൻ തുടങ്ങിയതിന് പിന്നാലെ പെട്ടെന്നൊരു വികാരത്തിൽ പോരാൻ ആഗ്രഹിച്ചവർ ജോലിയടക്കമുള്ള കാര്യങ്ങളാൽ പോരാൻ കഴിയില്ലെന്ന് പിന്നീട് മനസ്സിലാക്കി. പല സ്ഥാപനങ്ങളും ജോലിയിൽ തുടരാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവരമെന്നും മന്ത്രി പറഞ്ഞു.
നാടുകാണി ഉടൻ തുറക്കും
ഇതരസംസ്ഥാനങ്ങളിൽ നിന്ന് നാടുകാണി ചുരം വഴി ജില്ലയിലേക്ക് യാത്ര അനുവദിക്കുന്നത് മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി കെ.ടി. ജലീൽ പറഞ്ഞു. രണ്ടോ, മൂന്നോ ദിവസത്തിനകം അനുകൂല തീരുമാനമുണ്ടാവുമെന്നാണ് പ്രതീക്ഷ. ഇതര സംസ്ഥാനങ്ങളിൽ നിന്ന് ജില്ലയിലേക്ക് വരാൻ ഇതിനകംതന്നെ
6,000 പാസുകൾ അനുവദിച്ചിട്ടുണ്ട്. ആളുകളെ കുത്തിനിറച്ചല്ല, ആരോഗ്യരക്ഷ ഉറപ്പാക്കി സുരക്ഷിതമായി എത്തിക്കുകയാണ് ലക്ഷ്യം. ചെക്ക്‌പോസ്റ്റുകളിൽ മെഡിക്കൽ ചെക്കപ്പ് നടത്തണം. ഇതിന് സമയമെടുക്കുമെന്നും മന്ത്രി പറഞ്ഞു.