വളാഞ്ചേരി : വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ഭർത്താവ് നേരിട്ട് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കാടാമ്പുഴ ജാറത്തിങ്ങലിൽ തടംപറമ്പ് കുഴഞ്ഞിൽതൊടി സാവിത്രിയാണ് (50) കൊല്ലപ്പെട്ടത്. ഭർത്താവ് മായാണ്ടിയെ (55) കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കുടുംബപ്രശ്നമാണ് കൊലപാതകത്തിന് കാരണമെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിനുശേഷം ഇന്നലെ രാവിലെ ഏഴോടെ മായാണ്ടി പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. വീട്ടിൽ ഇവർ രണ്ടുപേരും മാത്രമാണ്. മകനും കുടുംബവും വേറെയാണ് താമസം. അയൽക്കാരുമായി വലിയ അടുപ്പം ഇല്ലായിരുന്നു. കാടാമ്പുഴ പൊലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ റിയാസ് രാജ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പൊന്നാനി പൊതു ശ്മശാനത്തിൽ സംസ്‌കരിച്ചു. മകൻ : അരുൺകുമാർ. മരുമകൾ: സൗമിനി