മലപ്പുറം: വേനൽമഴ മാറിനിന്നതോടെ കടുത്ത ദാഹത്തിലാണ് ജില്ല. ഒരാഴ്ച്ചയ്ക്കിടെ മഴയിൽ 81 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. 35.1 മില്ലീമീറ്റർ മഴ പ്രതീക്ഷിച്ചപ്പോൾ ലഭിച്ചത് 6.7 മില്ലീമീറ്റർ മാത്രം. ഇക്കാലയളവിൽ സംസ്ഥാനത്ത് ഏറ്റവും കുറവ് മഴ രേഖപ്പെടുത്തിയതും മലപ്പുറത്താണ്. വേനൽമഴ ലഭിക്കേണ്ട മാർച്ച് ഒന്നുമുതൽ മേയ് ഏഴുവരെ മഴയിൽ ആറ് ശതമാനത്തിന്റെ കുറവുണ്ട്. 140.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ട സ്ഥാനത്ത് 132.5 മില്ലീമിറ്റർ മഴയാണ് ലഭിച്ചത്. അയൽജില്ലകളായ കോഴിക്കോട് 19 ശതമാനവും വയനാടിൽ 43 ശതമാനവും അധിക മഴ ലഭിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ആകെ 8 ശതമാനം അധികമഴ രേഖപ്പെടുത്തിയിട്ടുണ്ട്. ഏപ്രിൽ തുടക്കത്തിൽ ലഭിച്ച മഴ ജില്ലയിൽ പിന്നീടുണ്ടായില്ല.
വേനൽമഴയിലെ കുറവ് തദ്ദേശസ്ഥാപനങ്ങളുടെയും ജലവിഭവ വകുപ്പിന്റെയും കുടിവെള്ള പദ്ധതികളെ കാര്യമായി ബാധിച്ചിട്ടുണ്ട്. പലയിടങ്ങളിലും പമ്പിംഗ് സമയം വെട്ടിച്ചുരുക്കിയിട്ട് മൂന്നാഴ്ച്ചയിലധികമായി. മൂന്നുദിവസമായി ലഭിച്ചു കൊണ്ടിരിക്കുന്ന വേനൽമഴ പുഴകളിലെ ജലവിതാനത്തിൽ മാറ്റങ്ങളുണ്ടാക്കിയിട്ടില്ല. ലോക്ക് ഡൗണിന് പിന്നാലെ ജല ഉപയോഗത്തിലുണ്ടായ വർദ്ധനവിനെ തുടർന്ന് ബോധവത്കരണവുമായി ജലവിഭവ വകുപ്പ് രംഗത്തെത്തിയിരുന്നു. കടുത്ത ചൂടിനെ തുടർന്ന് ഒരുതവണ കുളിക്കുന്നവർ പോലും ഇതു രണ്ടുതവണയാക്കി. അടുക്കള കൃഷിയിടങ്ങൾ വർദ്ധിച്ചതും ജല ഉപയോഗം വർദ്ധിപ്പിച്ചതായാണ് ജലവിഭവ വകുപ്പ് അധികൃതരുടെ നിഗമനം.
ഇന്നലെയും നിരാശ
കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ ജില്ലയിലെ മഴമാപിനികളിൾ ഇന്നലെ കാര്യമായ മഴ രേഖപ്പെടുത്തിയിട്ടില്ല.
മഞ്ചേരിയിലെ അഞ്ചു മില്ലീമീറ്ററാണ് കൂടിയ തോത്. നിലമ്പൂർ - 1.4, കരിപ്പൂർ - 1.6 എന്നിങ്ങനെ മഴ രേഖപ്പെടുത്തി.
പൊന്നാനി, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം കേന്ദ്രങ്ങളിൽ മഴ രേഖപ്പെടുത്തിയിട്ടില്ല.
6.7
മില്ലീമീറ്റർ മഴ മാത്രമാണ് ജില്ലയിൽ ഒരാഴ്ചയ്ക്കിടെ ലഭിച്ചത്