എടക്കര: യുവതികൾക്ക് അശ്ലീല സന്ദേശം അയച്ച കേസിൽ മൊബൈൽ ഷോപ്പ് ജീവനക്കാരൻ അറസ്റ്റിൽ. മുക്കം ഓടക്കയം സ്വദേശി പാറടിയിൽ കെൽവിൻ ജോസഫ് (22) ആണ് അറസ്റ്റിലായത്. പ്രതി ജോലി ചെയ്യുന്ന അരീക്കോട് ടൗണിലെ ഫോറിൻ ബസാറിലെ മൊബൈൽ ഷോപ്പിൽ 2020 ജനുവരിയിൽ അരീക്കോട് ഉഗ്രപുരം സ്വദേശി ഫോൺ വിറ്റിരുന്നു. മകളുടെ ഫോണായിരുന്നു ഇത്. ഈ മൊബൈലിലുണ്ടായിരുന്ന സിംകാർഡ് പ്രതി രഹസ്യമായി സൂക്ഷിച്ചിരുന്നു. അതിൽ നിന്നും ഏപ്രിൽ 14ന് , വഴിക്കടവിലേക്ക് വിവാഹം ചെയ്തയച്ച യുവതിയുടെ ഫോണിലേക്ക് വാട്സാപ്പ് വഴി അശ്ലീല സന്ദേശമയച്ചു. ഈ നമ്പറിലേക്ക് യുവതിയും ബന്ധുക്കളും ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സ്വിച്ച് ഓഫായിരുന്നു. തുടർന്ന് യുവതി വഴിക്കടവ് പൊലീസിൽ പരാതി നൽകി.അടിച്ചുമാറ്റിയ സിം മറ്റൊരു ഫോണിലിട്ട് വാട്സാപ്പ് അക്കൗണ്ട് ഉണ്ടാക്കിയാണ് പ്രതി യുവതികൾക്ക് സന്ദേശമയച്ചിരുന്നത്. അരീക്കോട്ടുള്ള മൊബൈൽ നമ്പർ ഉടമയെ പൊലീസ് ബന്ധപ്പെട്ടപ്പോൾ വിറ്റ ഫോണിലുണ്ടായിരുന്ന സിമ്മാണിതെന്ന് കണ്ടെത്തി. എന്നാൽ കടക്കാരൻ ഇക്കാര്യം നിഷേധിച്ചതോടെ സൈബർ സെല്ലിന്റെ സഹാത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഷോപ്പ് ജീവനക്കാരനായ കെൽവിൻ പിടിയിലായത് . പരാതിക്കാരിയുടെ സഹപാഠിയായിരുന്നു പ്രതി. വിവാഹം ക്ഷണിക്കാനായി യുവതി വിളിച്ച നമ്പർ പ്രതി സൂക്ഷിച്ചിരുന്നു. പ്രതി പല സ്ത്രീകൾക്കും ഇത്തരം സന്ദേശമയച്ചിട്ടുണ്ട്.പ്രതിയെ ജാമ്യത്തിൽ വിട്ടു.
അഡിഷണൽ എസ്. ഐ. എം അസൈനാർ, സി. പി. ഒ. പ്രശാന്ത് കുമാർ എന്നിവരാണ് കേസന്വേഷണം നടത്തിയത്