മലപ്പുറം: കൊവിഡ് -19 വ്യാപനം ഗൾഫ് നാടുകളിൽ ആശങ്കയേറ്റുമ്പോൾ ജന്മനാടിന്റെ തണലിലേയ്ക്ക് പ്രവാസികൾ എത്തിക്കൊണ്ടിരിക്കുകയാണ്. കൊച്ചിയിലും കരിപ്പൂരിലുമായെത്തിയ രണ്ട് വിമാനങ്ങളിൽ ആദ്യ ദിവസം ജില്ലയിലേയ്ക്ക് തിരിച്ചെത്തിയത് 91 പ്രവാസികളാണ്. ലോക ശ്രദ്ധയാകർഷിച്ച കേരളത്തിന്റെ കൊവിഡ് പ്രതിരോധത്തിൽ ആശ്വാസം കണ്ടെത്തുകയാണ് ഇവരെല്ലാം. രണ്ട് വിമാനങ്ങളിലായി എത്തിയവർക്കെല്ലാം സർക്കാർ നിർദ്ദേശപ്രകാരം ജില്ലാ ഭരണകൂടം പ്രത്യേക നിരീക്ഷണം ആരംഭിച്ചു.
ദുബായിൽ നിന്നുള്ള സംഘത്തിൽ മലപ്പുറം സ്വദേശികളായ 68 പേർ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലും അബുദാബിയിൽ നിന്നുള്ള 23 പേർ നെടുമ്പാശേരിയിലെ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലുമാണ് എത്തിയത്. കരിപ്പൂരെത്തിയ 68 പേരിൽ രണ്ടുപേർ മാത്രമാണ് ആശുപത്രി നിരീക്ഷണത്തിലുള്ളത്. 41 പേരാണ് കൊവിഡ് കെയർ സെന്ററുകളിലുള്ളത്. ഇതിൽ 37 പേരെ കാളികാവ് സഫ ആശുപത്രിയിലെ കോവിഡ് കെയർ സെന്ററിലും കൊച്ചിയിൽ നിന്നെത്തിയ 23 പേരിൽ നാല് പേരെ കാലിക്കറ്റ് സർവ്വകലാശാല ഇന്റർനാഷണൽ ഹോസ്റ്റലിലും പ്രത്യേക നിരീക്ഷണത്തിലാക്കി. ജില്ലയിലെത്തിയ പ്രവാസികളിൽ 31 പേരാണ് വീടുകളിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിൽ കഴിയുന്നത്.