വള്ളിക്കുന്ന്: ലോക്ക് ഡൗണിനിടെപൊരിവെയിലത്ത് ഡ്യൂട്ടിയിലുള്ള പൊലീസുകാർക്ക് ഇളനീരും ചായയും ദിവസവും എത്തിച്ചുനൽകിയിരുന്ന ഷാജി പളളിക്കരയ്ക്ക് (48) തെങ്ങിൽ നിന്ന് വീണു പരിക്കേറ്റു. പരിക്ക് ഗുരുതരമല്ലാത്തതിനാൽ വീട്ടിൽ വിശ്രമിക്കുന്ന ഷാജിക്ക് ഇപ്പോൾ താങ്ങായി പൊലീസുണ്ട് കൂടെ.
കോട്ടക്കടവിലെ ലോക്ക് ഡൗൺ ഡ്യൂട്ടിയിലുള്ള പൊലീസുകാർക്കാണ് ഇളനീരും ചായയും, ചെറുപലഹാരവും ഷാജി ദിവസവും എത്തിച്ചുകൊടുത്തിരുന്നത്. തെങ്ങുകയറ്റ തൊഴിലാളിയായ ഷാജിക്ക്കടലുണ്ടിയിൽ തെങ്ങുകയറ്റത്തിനിടെവീണ് പരിക്കേറ്റിരുന്നു. ഉടനെ നാട്ടുകാരും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഷാജിയെ രാമനാട്ടുകരയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി . തുടർന്ന് പൊലീസുകാരുടെ നിർദ്ദേശപ്രകാരം കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചു.
വിദഗ്ദ്ധ ചികിത്സയ്ക്കു ശേഷം പരിക്ക് ഗുരുതരമല്ലാത്തതിനാൽ ഷാജി ഇപ്പോൾ വീട്ടിൽ കിടപ്പിലാണ്. പൊലീസുദ്യോഗസ്ഥർ, ആരോഗ്യ പ്രവർത്തകർ, തഹസിൽദാർ എന്നിവർ ഷാജിയുടെ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ആവശ്യമായ സഹായങ്ങളും ചെയ്തു കൊടുത്തു. നിറംകൈതകോട്ടയ്ക്കു സമീപം ചായക്കടയും നടത്തുന്നുണ്ട് ഷാജി. ലോക്ക്ഡൗണായതിനാൽ ചായക്കട പൂട്ടിക്കിടക്കുകയാണ്.
തന്റെ പറമ്പിലെ തെങ്ങിലെ ഇളനീരാണ് ഷാജി ദിവസവും പൊലീസുകാർക്കെത്തിച്ചിരുന്നത്. നിത്യവും ചായയും ചെറു പലഹാരവും വീട്ടിൽ തയ്യാറാക്കി എത്തിക്കാറുമുണ്ടായിരുന്നു. തന്റെ പറമ്പിലെ ഇളനീർ തീർന്നപ്പോൾ താൻ സ്ഥിരമായി തേങ്ങയിട്ടു കൊടുക്കുന്ന പറമ്പുടമകളോട് ചോദിച്ച് അവിടെ നിന്നും ഇളനീർ എത്തിച്ചുകൊടുക്കാറുമുണ്ടായിരുന്നു.
പൊലീസുകാരിൽ നിന്ന് ലഭിച്ച സഹായം മറക്കാനാവില്ലെന്ന് ഷാജി പറഞ്ഞു. ഷാജിക്ക് ഭാര്യയും നാലു കുട്ടികളുമുണ്ട് .