മലപ്പുറം : ഗൾഫിൽ നിന്ന് പ്രത്യേക വിമാ നത്തിൽ വ്യാഴാഴ്ച സംസ്ഥാനത്തെത്തിയ കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശിയായ 39കാരൻ, എടപ്പാൾ നടുവട്ടം സ്വദേശിയായ 24കാരൻ എന്നിവർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. യഥാക്രമം കോഴിക്കോട് ,കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രികളിൽ ചികിത്സയിലാണ് ഇരുവരും .
സൗദി അറേബ്യയിലെ റിയാദിൽ നിന്നും വെള്ളിയാഴ്ച രാത്രി കരിപ്പൂരിലെത്തിയ പ്രവാസികളിൽ നാലുപേരെ ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രികളിലേക്ക് മാറ്റി. അർബുദ രോഗത്തിന് ചികിത്സയിലുള്ള കൊല്ലം സ്വദേശിയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും രണ്ട് മലപ്പുറം സ്വദേശികളെ മഞ്ചേരി മെഡിക്കൽ കോളേജിലേയ്ക്കും മാറ്റി. ഇതിൽ ഒരാൾക്ക് അലർജിയും മറ്റൊരാൾക്ക് പനിയും ചുമയുമാണ് കണ്ടെത്തിയത്. പൂർണ്ണ ഗർഭിണിയായ എറണാകുളം സ്വദേശിനിയെ കളമശ്ശേരി മെഡിക്കൽ കോളേജിലേക്കും മാറ്റി. ഇവർ കളമശ്ശേരിയിൽ തന്നെ തുടർചികിത്സ ആവശ്യപ്പെടുകയായിരുന്നു.
142 പ്രവാസി മലയാളികളുൾപ്പടെ 152 പേർ വെള്ളിയാഴ്ച കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ തിരിച്ചെത്തി. എട്ട് കർണ്ണാടക സ്വദേശികളും രണ്ട് തമിഴ്നാട് സ്വദേശികളും ഇവരോടൊപ്പമുണ്ടായിരുന്നു. യാത്രക്കാരിൽ 128 പേർ മുതിർന്നവരും 24 പേർ കുട്ടികളുമായിരുന്നു. എല്ലാവരെയും കൊവിഡ് ജാഗ്രതാ പരിശോധനകൾക്ക് വിധേയരാക്കി.
മലപ്പുറം 58, പാലക്കാട് 12, കോഴിക്കോട് 19, വയനാട് രണ്ട്, ആലപ്പുഴ നാല്, എറണാകുളം ഏഴ്, ഇടുക്കി രണ്ട്, കണ്ണൂർ 15, കാസർകോട് രണ്ട്, കൊല്ലം അഞ്ച്, കോട്ടയം ഒമ്പത്, പത്തനംതിട്ട അഞ്ച്, തിരുവനന്തപുരം രണ്ട് എന്നിങ്ങനെയാണ് റിയാദ് - കോഴിക്കോട് പ്രത്യേക വിമാനത്തിലെ യാത്രക്കാരുടെ ജില്ല തിരിച്ചുള്ള കണക്ക്.
തിരിച്ചെത്തിയവരിൽ 78 പേർ ഗർഭിണികളായിരുന്നു. 10 വയസിന് താഴെയുള്ള 24 കുട്ടികൾ, 70 വയസിന് മുകളിൽ പ്രായമുള്ള മൂന്നുപേർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
കോവിഡ് കെയർ സെന്ററുകളിൽ 34 പേർ
റിയാദ് വിമാനത്തിലെ 34 പേരെ വിവിധ കൊവിഡ് കെയർ സെന്ററുകളിലാക്കി. 27 പേരെ വിവിധ ജില്ലകളിലായി സർക്കാർ ഒരുക്കിയ കൊവിഡ് കെയർ സെന്ററുകളിലേക്കും ഏഴ് പേരെ അവർ ആവശ്യപ്പെട്ട പ്രകാരം സ്വന്തം ചെലവിൽ കഴിയേണ്ടുന്ന പ്രത്യേക കോവിഡ് കെയർ സെന്ററുകളിലേയ്ക്കും മാറ്റി.
മലപ്പുറം ജില്ലയിലെ 20 പേർ കാളികാവിലെ സഫ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിലാണ് കഴിയുന്നത്.
കണ്ണൂർ ജില്ലയിൽ നിന്നുള്ള നാലുപേരെയും കോഴിക്കോട് നിന്നുള്ള മൂന്നുപേരെയും അതത് ജില്ലാ കേന്ദ്രങ്ങൾ ഒരുക്കിയ പ്രത്യേക നിരീക്ഷണ കേന്ദ്രങ്ങളിലേയ്ക്ക് കൊണ്ടുപോയി.
ആരോഗ്യപ്രശ്നങ്ങളില്ലാത്ത ഗർഭിണികളുൾപ്പടെ പ്രത്യേക പരിഗണനാ വിഭാഗത്തിലുള്ള 114 പേരെ വീടുകളിൽ പ്രത്യേക നിരീക്ഷണത്തിന് അയച്ചു. ഇവർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിൽ പൊതു സമ്പർക്കമില്ലാതെ കഴിയണം. മലപ്പുറം ജില്ലയിലെ 36 പേരാണ് ഇങ്ങനെ സ്വന്തം വീടുകളിലേയ്ക്ക് മടങ്ങിയത്.
254
പേർക്കുകൂടി ഇന്നലെ ജില്ലയിൽ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി
1,241
പേരാണ് ഇപ്പോൾ ജില്ലയിൽ നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്.
ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്ന 51 പേർക്ക് കൂടി കോവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചു.73 പേരുടെ ഫലങ്ങൾ ലഭിക്കാനുണ്ട്.
ഡോ. കെ. സക്കീന , ജില്ലാ മെഡിക്കൽ ഓഫീസർ