മലപ്പുറം: മഴക്കാലത്തിനു മുമ്പ് ജില്ലയിലെ തീരദേശങ്ങളിൽ 20,000 കാറ്റാടി മരങ്ങൾ നട്ടുപിടിപ്പിക്കാൻ സാമൂഹിക വനവത്കരണ വിഭാഗം ഒരുങ്ങുന്നു. പൊന്നാനി, താനൂർ, പരപ്പനങ്ങാടി തീരമേഖലകളിലാണ് കാറ്റാടികൾ നട്ട് തീരദേശ ജൈവ കവചം ഒരുക്കുക. അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാകും പദ്ധതി നിർവഹണം.
പരപ്പനങ്ങാടി നഗരസഭ പരിധിയിൽപ്പെടുന്ന കെട്ടുങ്ങൽ, ന്യൂ കട്ട് മേഖലകളിലായി 3,000 കാറ്റാടിത്തൈകൾ നട്ടുവളർത്തി പരിപാലിക്കാനാണ് തീരുമാനം. മറ്റിടങ്ങളിലും സ്ഥല സൗകര്യത്തിനനുസരിച്ച് കാറ്റാടിത്തൈകൾ നടും. മുൻവർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ഇത്തവണ തൈനടീലും പരിപാലനവും തൊഴിലുറപ്പ് തൊഴിലാളികളിൽ കേന്ദ്രീകരിക്കാനാണ് തീരുമാനം.
കാറ്റാടിത്തൈകൾ നിലമ്പൂർ റെയ്ഞ്ചിന് കീഴിലെ നഴ്സറിയിലും വിവിധ വൃക്ഷത്തൈകൾ എടപ്പാൾ, നിലമ്പൂർ, വണ്ടൂർ, മലപ്പുറം എന്നിവിടങ്ങളിലെ നഴ്സറികളിലാണ് സൂക്ഷിച്ചിരിക്കുന്നത്.
ഏറെ ഫലപ്രദം
തീരപ്രദേശങ്ങളിലെ മണ്ണൊലിപ്പും ശക്തമായ കാറ്റും പ്രതിരോധിയ്ക്കാനാണ് കാറ്റാടി മരങ്ങൾ വച്ചുപിടിപ്പിക്കുന്നത്.
ആഗസ്റ്റ് മാസത്തോടെ മരങ്ങളുടെ നടീൽ പൂർണ്ണമാകും.
തണലിനൊപ്പം നല്ല തോതിൽ ഓക്സിജൻ ഉത്പാദിപ്പിക്കുമെന്നതും കാറ്റാടി മരങ്ങളുടെ പ്രത്യേകതയാണ്.
ഇതിന് മുമ്പ് കൂട്ടായി പടിഞ്ഞാറേക്കര അഴിമുഖ പ്രദേശത്തും സാമൂഹിക വനവത്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കാറ്റാടി മരങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്.
4,40,000 വിവിധ വൃക്ഷത്തൈകളും സാമൂഹിക വനവത്കരണ വിഭാഗം പരിസ്ഥിതി ദിനമായ ജൂൺ അഞ്ചിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവിടങ്ങളിലേക്ക് നൽകും.
എ.പി ഇംത്യാസ് സോഷ്യൽ ഫോറസ്ട്രി ഡി.എഫ്.ഒ