മഞ്ചേരി: നാടിന്റെ മതമൈത്രി ഊട്ടിയുറപ്പിക്കാൻ ഈ റമദാനിലും നോമ്പുകാരാവുകയാണ്
മഞ്ചേരി മേലാക്കം കോഴിക്കാട്ടുകുന്നിലെ ഗംഗാധരനും കുടുംബവും. തുടർച്ചയായി മൂന്നാം വർഷമാണ് സായികൃപ' വീട്ടിലെ നോമ്പനുഷ്ടാനം. ഗംഗാധരൻ, മക്കളായ വിജിഷ, ജിജിഷ എന്നിവരാണ് കഴിഞ്ഞ മൂന്ന് വർഷമായി നോമ്പെടുക്കുന്നത്. ഇത്തവണ ലോക് ഡൗൺ കാലമായതിനാൽ ഗംഗാധരന്റെ സഹോദരന്റെ മക്കളും ഇവർക്ക് കൂട്ടിനുണ്ട്. സഹോദരൻ സ്വാമിനാഥിന്റൈ മക്കളായ മലപ്പുറത്ത് എൻജിനീയറായി ജോലി ചെയ്യുന്ന സ്വാതി, പ്ലസ് ടു വിദ്യാർഥി ശ്യാനാഥ്, മറ്റൊരു സഹോദരൻ അനിൽകുമാറിന്റെ മക്കളായ ആറാം ക്ലാസുകാരനായ മിഥുൻ, എസ്.എസ്.എൽ.സി വിദ്യാർത്ഥിനിയായ നമിത, മറ്റൊരു സഹോദരന്റെ മകളുടെ മകൾ ആദിത്യ എന്നിവരാണ് ഇത്തവണ നോമ്പെടുക്കുന്നത്. കുടുംബം പൂർണ പിന്തുണ നൽകുന്നതായി ഗംഗാധരൻ പറഞ്ഞു.
സുഹൃത്തുക്കളുടെ നോമ്പ് തുറക്കായി പോവുമ്പോൾ നോമ്പെടുക്കുമായിരുന്നു ജിജിഷ, ഇത് പിന്നീട് ജീവിതത്തിന്റെ ഭാഗമായി
പുല്ലൂരിലെ സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന ജിജിഷയ്ക്ക് സഹപ്രവർത്തകരും പിന്തുണ നൽകുന്നുണ്ട്. ലോക് ഡൗൺ ആയതോടെയാണ് വീട്ടിലെത്തിയ മറ്റുള്ളവരും കൂട്ടത്തോടെ നോമ്പെടുക്കാൻ ആരംഭിച്ചത്. ഗംഗാധരന്റെ ഭാര്യ ഷീബ ഇവർക്ക് നോമ്പ് തുറക്കാനാവശ്യമായ വിഭവങ്ങൾ തയ്യാറാക്കും. കൂടാതെ നോമ്പ് തുറവിഭവങ്ങളുമായി സുഹൃത്തുക്കളും
സായി കൃപയിലെത്താറുണ്ട് ,ഒരു നാടിന്റെ മാനവികതയുടെ മഹത്തായ സന്ദേശം കൂടിയാണ് ഇത്തരം കുടുബങ്ങൾ സമൂഹത്തിന് പകർന്ന് നൽകുന്നത്.