പെരിന്തൽമണ്ണ: തൂതപ്പുഴയിൽ മൂർക്കനാട് നിലാപറമ്പിൽ നിർമ്മിച്ച താത്കാലിക തടയണ സാമൂഹികവിരുദ്ധർ വീണ്ടും തകർത്തു. ഇതോടെ മങ്കട മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലേക്കുള്ള കുടിവെള്ള വിതരണം പ്രതിസന്ധിയിലേക്ക് നീങ്ങും. ഏപ്രിൽ ആദ്യ വാരത്തിൽ കൊളത്തൂർ പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിന്റെ വീഡിയോ പുറത്തിറങ്ങിയപ്പോഴാണ് തടയണയുടെ ഒരുഭാഗം തകർത്ത നിലയിൽ ആദ്യം ശ്രദ്ധയിൽപെട്ടത്. മൂർക്കനാട് മേജർ ശുദ്ധജലപദ്ധതിയുടെ സ്രോതസ്സ് സംരക്ഷിക്കുന്നതിനായി ജല അതോറിറ്റി നിർമ്മിച്ചതായിരുന്നു ഈ തടയണ. മണൽച്ചാക്കുകൾ നിറച്ച് ബണ്ട് രൂപത്തിലാണ് മൂർക്കനാട് കുടിവെള്ളപദ്ധതി പ്രദേശത്തിനു തൊട്ടുതാഴെ തടയണ നിർമിച്ചത്. ഒന്നരമീറ്റർ ഉയരത്തിൽ ആറുമീറ്റർ വീതിയിലായിരുന്നു തടയണ. മൂർക്കനാട് കുടിവെള്ള പദ്ധതിയുടെ കിണറിൽ ജലവിതാനം ഉയർത്തുന്നതിന് വേണ്ടിയായിരുന്നു താത്കാലിക തടയണ നിർമിച്ചത്. ഈ തടയണയാണ് വീണ്ടും കഴിഞ്ഞ ദിവസം രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ വീണ്ടും തകർത്തത്..