flight
വിമാനം

മലപ്പുറം: കൊവിഡ് 19 ആശങ്കൾക്കിടെ ഗൾഫിൽ നിന്നുള്ള മൂന്നാമത്തെ പ്രത്യേക വിമാനം ഇന്ന് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തും. ബഹ്​റൈനിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം വൈകീട്ട് 4.30 ന് കരിപ്പൂരെത്തും. 10 ജില്ലകളിൽ നിന്നുള്ള 183 യാത്രക്കാരും ഒരു ഗോവ സ്വദേശിയുമടക്കം 184 പേരാണ് തിരിച്ചെത്തുന്നത്. ഇവരെ സ്വീകരിച്ച് ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുള്ള നടപടികൾ ആരംഭിച്ചതായി ജില്ലാ കലക്ടർ ജാഫർ മലിക് അറിയിച്ചു.

കൊവിഡ് ജാഗ്രതാ നടപടികൾ പൂർണ്ണമായും പാലിച്ചാവും യാത്രക്കാരെ വിമനത്തിൽ നിന്ന് പുറത്തിറക്കുക. ഓരോ യാത്രക്കാരെയും എയ്രോ ബ്രിഡ്ജിൽ വച്ചുതന്നെ തെർമ്മൽ സ്​കാനിങിനു വിധേയരാക്കും. തുടർന്ന് വിശദമായ ആരോഗ്യ പരിശോധന നടത്തിയ ശേഷം യാത്രക്കാരുടെ വിവര ശേഖരണം പൂർത്തിയാക്കും. ഇതിനുശേഷം എമിഗ്രേഷൻ, കസ്റ്റംസ് പരിശോധനകൾ നടത്തിയാണ് യാത്രക്കാരെ പുറത്തിറക്കുക. പ്രകടമായ രോഗ ലക്ഷണങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലേയ്ക്ക് മാറ്റും. ഗർഭിണികൾ, 10 വയസിനു താഴെ പ്രായമുള്ള കുട്ടികൾ, 65 വയസിന് മുകളിൽ പ്രായമുള്ളവർ തുടങ്ങി പ്രത്യേക പരിഗണനയിലുള്ളവരെ നേരിട്ട് വീടുകളിലേയ്ക്കും മറ്റുള്ളവരെ കോവിഡ് കെയർ സെന്ററുകളിലേയ്ക്കുമാണ് അയക്കുക. ഇവർക്കെല്ലാം ആരോഗ്യ വകുപ്പിന്റെ കർശനമായ നിരീക്ഷണം ഏർപ്പെടുത്തും.

പ്രവാസികളെ കൊണ്ടുപോകാൻ ആംബുലൻസുകൾ ഉൾപ്പടെയുള്ള വാഹന സൗകര്യങ്ങൾ വിമാനത്താവള പരിസരത്തു തന്നെ സജ്ജമാക്കിയിട്ടുണ്ട്. പ്രത്യേക പരിഗണനയിലുള്ള യാത്രക്കാരെ വീടുകളിലേക്ക് കൊണ്ടുപോകാനെത്തുന്ന വാഹനങ്ങൾ മാത്രമെ വിമാനത്താവളത്തിനകത്തേയ്ക്ക് പ്രവേശിപ്പിക്കൂ. ഇങ്ങനെ എത്തുന്നവർ വാഹനത്തിന്റെ വിവരങ്ങൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യണമെന്ന് ജില്ലാകളക്ടർ ജാഫർ മലിക് അറിയിച്ചു. വിമാനം എത്തുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും https://forms.gle/Cjo7TKuUU3MgdJeZ8 എന്ന ഗൂഗിൾ ഫോമിൽ രജിസ്റ്റർ ചെയ്യണം.

ഡ്രൈവർ മാത്രമുള്ള വാഹനങ്ങൾക്കാണ് അനുമതി. ഡ്രൈവർ മാസ്​കും കയ്യുറകളും നിർബന്ധമായും ധരിക്കണം. ഡ്രൈവർ ഉൾപ്പെടെ മൂന്നിൽ കൂടുതൽ യാത്രക്കാരെ യാതൊരു കാരണവശാലും ഒരു വാഹനത്തിൽ അനുവദിക്കില്ല. വാഹനത്തിന്റെ മുൻസീറ്റിൽ ഡ്രൈവർക്കു പുറമെ മറ്റ് യാത്രക്കാരെ അനുവദിക്കില്ലെന്നും ജില്ലാ കളക്ടർ അറിയിച്ചു. വിമാനത്താവള ജീവനക്കാർ, മറ്റ് ഏജൻസി പ്രതിനിധികൾ, കൊവിഡ് പ്രത്യേക ചുമതലയുള്ള വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരെയല്ലാതെ ആരെയും വിമാനത്താവളത്തിനുള്ളിൽ പ്രവേശിപ്പിക്കില്ല. വിമാനത്താവളത്തിനകത്ത് സി.ഐ.എസ്.എഫും പുറത്ത് പൊലീസും കർശന സുരക്ഷയൊരുക്കും.