covid
കൊവിഡ്

മലപ്പുറം: ജില്ലയിൽ തിരിച്ചെത്തിയ പ്രവാസിയായ യുവാവിന് കൊവിഡ് 19 സ്ഥിരീകരിച്ചു. മെയ് ഏഴിന് അബുദബിയിൽ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ അങ്ങാടിപ്പുറം സ്വദേശിയായ 34 കാരനാണ് രോഗബാധയെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. ഇയാൾ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ സംസ്ഥാനത്ത് തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം മൂന്നായി. കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ച കോട്ടക്കൽ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും എടപ്പാൾ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും ചികിത്സയിൽ തുടരുന്നുണ്ട്. ഇതിൽ ചാപ്പനങ്ങാടി സ്വദേശി ദുബായിൽ നിന്നും നടുവട്ടം സ്വദേശി അബുദബിയിൽ നിന്നും മെയ് ഏഴിന് തന്നെ തിരിച്ചെത്തിയവരാണ്.

അബുദബിയിലെ മുസഫയിൽ സ്വകാര്യ കമ്പനിയിലെ ട്രാൻസ്‌പോർട്ട് കോർഡിനേറ്ററാണ് ഇപ്പോൾ രോഗം സ്ഥിരീകരിച്ച അങ്ങാടിപ്പുറം സ്വദേശി. കഴിഞ്ഞ രണ്ട് മാസമായി മുസഫയിലെ ലേബർ ക്യാമ്പിലായിരുന്നു താമസം. ഏപ്രിൽ 27 മുതൽ ഇയാൾക്ക് കഫക്കെട്ട് അനുഭവപ്പെട്ടിരുന്നു. മെയ് ഏഴിന് അബുദബിയിൽ നിന്നുപുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് പ്രത്യേക വിമാനത്തിൽ രാത്രി നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം മെയ് എട്ടിന് പുലർച്ചെ ഒരു മണിയ്ക്ക് മലപ്പുറം സ്വദേശികളായ മറ്റ് 13 പേർക്കൊപ്പം പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി ബസിൽ യാത്ര തിരിച്ച് പുലർച്ചെ 4.15 ന് തേഞ്ഞിപ്പലത്തെ കോഴിക്കോട് സർവകലാശാല ഇന്റർനാഷണൽ ഹോസ്റ്റലിലെ കൊവിഡ് കെയർ സെന്ററിലെത്തി. ഉച്ച തിരിഞ്ഞ് 2.30 ന് മൂക്കടപ്പ് അനുഭവപ്പെട്ടതിനെ തുടർന്ന് ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദേശപ്രകാരം 108 ആംബുലൻസിൽ വൈകീട്ട് 7.05ന് മഞ്ചേരി ഗവ. മെഡിക്കൽ കോളജിലെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ചു. തുടർന്ന് സാമ്പിളെടുത്ത് പരിശോധനയ്ക്ക് അയച്ചു. ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു. ഇയാൾക്ക് വിദഗ്ധ ചികിത്സ ആരംഭിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.

ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 23 ആയി. മെയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളായ പ്രവാസികൾ കോഴിക്കോട്, കളമശ്ശേരി മെഡിക്കൽ കോളജ് ആശുപത്രികളിൽ ചികിത്സയിലായതിനാൽ ഇവർ മലപ്പുറം ജില്ലയിലെ കോവിഡ് ബാധിതരുടെ പട്ടികയിൽ ഉൾപ്പെടില്ലെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ നേരത്തെ അറിയിച്ചിട്ടുണ്ട്. 21 പേർക്കാണ് ജില്ലയിൽ ഇതുവരെ രോഗം ഭേദമായത്. ഇതിൽ കീഴാറ്റൂർ പൂന്താനം സ്വദേശി തുടർ ചികിത്സയിലിരിക്കെ മരിച്ചു. 20 പേർ രോഗം ഭേദമായി വീടുകളിലേക്ക് മടങ്ങി. നാല് മാസം പ്രായമുള്ള കുട്ടി മാത്രമാണ് രോഗബാധിതയായി ചികിത്സയിലിരിക്കെ മരിച്ചത്.