മലപ്പുറം: ലോക്ക് ഡൗൺ അവസാനിച്ചാലും ജില്ലയിലെ സ്വകാര്യ ബസുകൾ കട്ടപ്പുറത്ത് തന്നെയാവും. സർവീസ് താത്കാലികമായി നിറുത്തിവയ്ക്കാനുള്ള അനുമതിക്കായി ജില്ലയിലെ 90 ശതമാനം ബസുടമകളും മോട്ടോർ വാഹന വകുപ്പിൽ ജി ഫോം സമർപ്പിച്ചതായി ബസുടമ സംഘടനകൾ പറയുന്നു. ഇതോടെ മൂന്നുമാസം മുതൽ ഒരുവർഷം വരെ നികുതിയിളവ് ലഭിക്കും. വെഹിക്കിൾ ഇൻസ്പെക്ടർമാർ പരിശോധിച്ച ശേഷം അവർ നിർദ്ദേശിക്കുന്ന സ്ഥലത്ത് ബസ് സൂക്ഷിക്കേണ്ടി വരും. മേയ് അവസാനം സർവീസ് ആരംഭിച്ചാൽ ഒരുമാസത്തെ നികുതി നൽകേണ്ടിവരും. ലോക്‌ഡൗൺ പിൻവലിച്ചാലും യാത്രക്കാരുടെ എണ്ണം തീർത്തും കുറവാകുമെന്നതും സീറ്റിൽ ഒന്നിൽ കൂടുതൽ പേർ പാടില്ലെന്ന നിബന്ധന ചൂണ്ടിക്കാട്ടിയുമാണ് ബസ് ഉടമകളുടെ നടപടി. ജില്ലയിലെ ബസ് യാത്രക്കാരിൽ 15 മുതൽ 20 ശതമാനം വരെ അന്യസംസ്ഥാനക്കാരാണ്. ഒരുവർഷത്തേക്ക് ജി ഫോം സമർപ്പിച്ച് സാഹചര്യം അനുകൂലമാവുമ്പോൾ സർവീസ് പുനരാരംഭിക്കാനാണ് ഉടമ സംഘടനകളുടെ തീരുമാനം. ഇങ്ങനെയെങ്കിൽ ബസ് നിറുത്തിയിട്ട കാലയളവിലെ നികുതി നൽകേണ്ടിവരില്ല. ജില്ലയിലെ 1,600 ഓളം ബസുകളിലായി 6,000ത്തിലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ടെന്നതിനാൽ നിരവധി കുടുംബങ്ങൾ ഇതോടെ ദുരിതത്തിലാവും. ബസ് വ്യവസായവുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകൾ കൂടിയാവുന്നതോടെ ഇതിന്റെ വ്യാപ്തി കൂടും.
ദുരിതത്തിലാവുക തൊഴിലാളികൾ
പല മേഖലകൾക്കും ഇളവ് അനുവദിച്ചെങ്കിലും കൊവിഡ് വ്യാപന സാദ്ധ്യത മുൻനിറുത്തി ബസ് വ്യവസായ മേഖല പൂർണ്ണ ലോക്ക് ഡൗണിലാണ്. ഒന്നര മാസത്തിലധികമായി ബസുകൾ ഓടുന്നില്ല. ലോക്ക് ഡൗണിന് മുമ്പേതന്നെ ബസ് വ്യവസായം പ്രതിസന്ധിയിലായിരുന്നതിനാൽ മിക്ക ബസുകളിലും ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ചിട്ടുണ്ട്. നേരത്തെ ഒരുബസിൽ നാല് ജീവനക്കാരുണ്ടായിരുന്നെങ്കിൽ ഇപ്പോൾ ഡ്രൈവറും കണ്ടക്ടറും മാത്രമാണുള്ളത്. ചില ദീർഘദൂര ബസുകളിൽ ഒരു ക്ലീനറുമുണ്ടാവും. മാസത്തിൽ 15 ദിവസമാണ് ഒരാൾക്ക് ഡ്യൂട്ടി. ജില്ലയിലെ ബസുകളിൽ ബത്ത സമ്പ്രദായമാണ്. ബസിന്റെ കളക്‌ഷനനുസരിച്ചാണ് ബത്ത . ഡ്രൈവർക്ക് ശരാശരി 900, കണ്ടക്ടർക്ക് 800, ക്ലീനർക്ക് 700 രൂപ എന്നിങ്ങനെയാണ് ലഭിക്കാറുള്ളത്.
ജില്ലയിലെ ഭൂരിപക്ഷം ബസുടമകളും ജിഫോം സമർപ്പിച്ചിട്ടുണ്ട്. ഇളവ് അനുവദിച്ചാലും മേയിൽ ബസ് സർവീസ് തുടങ്ങാൻ സാദ്ധ്യത കുറവാണ്. പഞ്ചാബിനെ പോലെ മൂന്നുമാസത്തേക്ക് നികുതിയിളവ് നൽകാൻ സംസ്ഥാന സർക്കാർ തയ്യാറാവണം.
ഹംസ എരിക്കുന്നൻ, ജനറൽ സെക്രട്ടറി, മലപ്പുറം ഡിസ്ട്രിക്ട് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ