പൊന്നാനി: റംസാൻ വ്രതവും വൈശാഖമാസത്തിലെ ഭാഗവത പാരായണവുമായി എന്താണ് ബന്ധം? പൊന്നാനി യോഗ പ്രകൃതി ചികിത്സാലയത്തിലെ ഡോ. ശംഭു നമ്പൂതിരിയും ഭാര്യ ലളിതാംബിക അന്തർജ്ജനവും അതിൽ നന്മയുടെ സമന്വയം കണ്ടെത്തുകയാണ് .
രണ്ടര പതിറ്റാണ്ടായി ഇവർ റംസാൻ വ്രതം അനുഷ്ഠിക്കുന്നുണ്ട്. ഇത്തവണ അതിനൊപ്പം ഹിന്ദുക്കൾക്ക് വിശേഷപ്പെട്ട വൈശാഖമാസവും ഒന്നിച്ചതിന്റെ സന്തോഷത്തിലാണിവർ .
ശരീരശുദ്ധിയുടെയും മാനസിക സംസ്കരണത്തിന്റെയും മാസമാണ് ശംഭു നമ്പൂതിരിക്ക് റംസാൻ. പ്രഭാതം മുതൽ പ്രദോഷം വരെ അന്നപാനീയങ്ങൾ വെടിയുന്നതിനൊപ്പം, ഭാഗവത പാരായണത്തിലൂടെ മാനസിക ചൈതന്യവും നേടുന്നു.
യോഗ ആചാര്യനായ ശംഭു നമ്പൂതിരി ചെറുപ്പം മുതൽ വിവിധ തരം വ്രതങ്ങൾ അനുഷ്ഠിച്ചിരുന്നു. പൊന്നാനി എം.ഇ.എസ്.കോളേജിനു സമീപത്തെ ചികിത്സാലയത്തിൽ എത്തിയിരുന്ന മുസ്ലിങ്ങളായ രോഗികളെയും സുഹൃത്തുക്കളെയും നിരീക്ഷിച്ചാണ് നോമ്പെടുക്കാൻ തുടങ്ങിയത്. പൊന്നാനി കോട്ടത്തറയിലെ യോഗ റസിഡൻസിയിൽ പ്രകൃതിചികിത്സയും യോഗ പരിശീലനവുമായി കഴിയുകയാണ് ഇരുവരും.
''ശരീരത്തിന്റെ പൂർണമായ ശുദ്ധീകരണത്തിനും രോഗങ്ങൾ തടയുന്നതിനുമുള്ള ഉത്തമ മാർഗമാണ് റംസാൻ നോമ്പ്
-ഡോ. ശംഭു നമ്പൂതിരി
വൈശാഖം
മേടത്തിലെ അമാവാസി കഴിഞ്ഞതിന്റെ പിറ്റേ ദിവസം മുതൽ ഇടവത്തിലെ അമാവാസിവരെയുള്ള 30 ദിവസങ്ങളാണ് വൈശാഖമാസമായി കണക്കാക്കുന്നത്. മഹാവിഷ്ണുവിന് ഏറ്റവും പ്രിയപ്പെട്ട പുണ്യമാസമാണിത്. ഈ കാലയളവിൽ വിഷ്ണുവിനെ ഉപാസിച്ചാൽ പതിന്മടങ്ങ് ഫലം കിട്ടുമെന്നാണ് വിശ്വാസം.