തിരൂർ : ജില്ലയിൽ നിന്ന് ഉത്തർപ്രദേശിലേക്കുള്ള അന്യസംസ്ഥാന തൊഴിലാളികളുടെ ആദ്യസംഘം തിരൂരിൽ നിന്ന് യാത്രയായി. 1,150 തൊഴിലാളികളാണ്ആദ്യസംഘത്തിലുള്ളത്. ബിഹാറിലെയും മദ്ധ്യപ്രദേശിലെയും അന്യസംസ്ഥാന തൊഴിലാളികൾക്ക് പിന്നാലെയാണ് ഉത്തർപ്രദേശിൽ നിന്നുള്ളവരും യാത്രയാകുന്നത്. വിവിധ ക്യാമ്പുകളിൽ കഴിയുന്ന തൊഴിലാളികളെ പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി. ബസുകളിൽ അതത് താലൂക്കുകളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളിലെത്തിച്ചു. ഇവർക്കുള്ള ഭക്ഷണവും ഇവിടെ ഒരുക്കിയിരുന്നു. പൊലീസിന്റെ നേതൃത്വത്തിൽ നാട്ടിലേക്ക് മടങ്ങാൻ താത്പര്യമുള്ള തൊഴിലാളികളുടെ പട്ടിക തയ്യാറാക്കി ജില്ലാ ഭരണകൂടമാണ് ഇവർക്കുള്ള യാത്രാനുമതി നൽകിയത്. തിരൂർ താലൂക്കിൽ നിന്ന് 300, പെരിന്തൽമണ്ണ താലൂക്കിൽ നിന്ന് 150, കൊണ്ടോട്ടി താലൂക്കിൽ നിന്ന് 300, തിരൂരങ്ങാടി താലൂക്കിൽ നിന്ന് 400 പേരുമാണ് തിരിച്ചു പോകുന്നത്. തിരൂർ താലൂക്കിൽ പുത്തനത്താണി ബസ് സ്റ്റാന്റ്, തിരൂർ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലായിരുന്നു ആരോഗ്യ പരിശോധന.
പെരിന്തൽമണ്ണ താലൂക്കിലുള്ളവർക്ക് മൗലാനാ ആശുപത്രിയ്ക്കു സമീപമുള്ള സെൻട്രൽ ജി.എം.എൽ.പി സ്കൂളിലും കൊണ്ടോട്ടി താലൂക്കിൽ മേലങ്ങാടി ഗവ. വി.എച്ച്.എസ്.എസിലും ആരോഗ്യ പരിശോധന നടത്തി. തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി ഗവ. ഹൈസ്കൂൾ, വേങ്ങര ജി.വി.എച്ച്.എസ്.എസ് എന്നിവിടങ്ങളിലായിരുന്നു പരിശോധന. പരിശോധന പൂർത്തിയാക്കിയവരെ കെ.എസ്.ആർ.ടി.സി. ബസുകളിൽ തിരൂർ റെയിൽവേ സ്റ്റേഷനിലെത്തിച്ചു.