മലപ്പുറം: കൊവിഡിന്റെ പശ്ചാത്തലത്തിൽ കാർഷികമേഖലയിൽ സ്വയംപര്യാപ്തതയും കുതിച്ചുചാട്ടവും ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാരിന്റെ സുഭിക്ഷകേരളം പദ്ധതിക്ക് ഫണ്ട് കണ്ടെത്തൽ പഞ്ചായത്തുകൾക്ക് വെല്ലുവിളി. ചെലവിന്റെ പകുതി തുക പഞ്ചായത്തുകളുടെ പദ്ധതി വിഹിതത്തിൽ നിന്നും ബാക്കി തുക നബാർഡിൽ നിന്നും സഹകരണ മേഖലയിൽ നിന്നും വായ്പയായി കണ്ടെത്താനാണ് സർക്കാർ നിർദ്ദേശം. ഇതിനകം തന്നെ പഞ്ചായത്തുകൾ പദ്ധതികൾ സമർപ്പിച്ച് ഡി.പി.സി അംഗീകാരം വാങ്ങിയിട്ടുണ്ട്. ഇതിൽ അത്യാവശ്യമല്ലാത്ത പദ്ധതികൾ പുനഃക്രമീകരിച്ച് സുഭിക്ഷയ്ക്കുള്ള ഫണ്ട് കണ്ടെത്താനാണ് സർക്കാർ നിർദ്ദേശം. ഈ മാസം 15നകം ഡി.പി.സി അനുമതി വാങ്ങണമെന്നും അറിയിച്ചിട്ടുണ്ട്.

കൊവിഡിന് പിന്നാലെ പഞ്ചായത്തുകളിൽ ഫണ്ട് പ്രതിസന്ധി കൂടുതൽ രൂക്ഷമാണ്. നിലവിൽ സുഭിക്ഷ പദ്ധതി നടപ്പാക്കണമെങ്കിൽ വാർഷിക ആനുകൂല്യത്തിൽ നല്ലൊരു പങ്ക് ഇതിനായി മാറ്റിവയ്ക്കേണ്ടിവരും. ഇത് പ്രായോഗികമല്ലെന്നത് തദ്ദേശ ഭരണസമിതികൾ കൃഷിവകുപ്പിനെ അറിയിച്ചിട്ടുണ്ട്. കൂടുതൽ ഫണ്ടുകളുള്ള ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളുടെ കൂടി സഹകരണത്തോടെ പദ്ധതി നടപ്പാക്കാൻ കൃഷിവകുപ്പ് ശ്രമിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായിട്ടില്ല.
തരിശുഭൂമി കൃഷിയോഗ്യമാക്കുകയാണ് സുഭിക്ഷയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. ഓരോ കൃഷിഭവന്റെയും പരിധിയിൽ സ്വകാര്യവ്യക്തികൾ, സ്ഥാപനങ്ങൾ, സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയുടെ കൈവശമുള്ള തരിശുപാടങ്ങളുടെയും പറമ്പുകളുടെയും വിവരങ്ങൾ കണ്ടെത്തി കൃഷിയോഗ്യമാക്കണം. ഉടമസ്ഥർ കൃഷിക്ക് തയ്യാറാവുന്നില്ലെങ്കിൽ കുടുംബശ്രീ, പ്രവാസികൾ, സഹകരണസംഘങ്ങൾ, യുവാക്കൾ എന്നിവർക്ക് പഞ്ചായത്തുകൾ ഇടപെട്ട് വിട്ടുകൊടുക്കണം. നെല്ല്, ചെറുധാന്യങ്ങൾ, പയറിനങ്ങൾ, കിഴങ്ങു വർഗ്ഗങ്ങൾ, വാഴ, പപ്പായ എന്നിവയ്ക്ക് മുൻഗണന നൽകണമെന്നാണ് നിർദ്ദേശം.

ലക്ഷ്യം വലുത്, ഫണ്ട് ചെറുത്
ജില്ലയിൽ 880 ഹെക്ടർ തരിശുഭൂമിയിൽ കൃഷിയിറക്കാനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്താകെ 12,500 ഹെക്ടറിലും. നേരത്തെ തരിശുകൃഷി ചെയ്യുന്നവർക്ക് ഏക്കറിന് 12,000 രൂപ വരെയാണ് ധനസഹായം ലഭിച്ചിരുന്നതെങ്കിൽ സുഭിക്ഷയിലിത് 16,000 ആയി ഉയർത്തിയിട്ടുണ്ട്. ഫണ്ട് പ്രതിസന്ധി മറികടക്കാനായില്ലെങ്കിൽ തരിശുഭൂമിയിൽ നല്ലൊരു പങ്കും പ്രയോജനപ്പെടുത്താനാവില്ല.

880 ഹെക്ടർ ഇങ്ങനെ

ഹെക്ടർ വിള

150 നെല്ല്

250 വാഴ

300 പച്ചക്കറി

150 കിഴങ്ങ് വർഗങ്ങൾ

20 പയർ വർഗങ്ങൾ

10 ചെറുധാന്യം

പദ്ധതികൾ പുനഃക്രമീകരിച്ച് ഡി.പി.സി അംഗീകാരത്തിനുള്ള നടപടികൾ പഞ്ചായത്ത് തലങ്ങളിൽ പുരോഗമിക്കുന്നുണ്ട്. തദ്ദേശസ്ഥാപനങ്ങൾ ഉന്നയിക്കുന്ന ഫണ്ട് പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്.

എം.വി. വിനയൻ, പദ്ധതി ജില്ലാ കോ‌ർഡിനേറ്റർ