മലപ്പുറം: കുവൈത്തിൽ നിന്നെത്തിയ തിരൂർ ബി.പി. അങ്ങാടി സ്വദേശിയായ 27കാരി ഗർഭിണിക്കും മൂന്ന് വയസുള്ള മകനും കൊവിഡ് സ്ഥിരീകരിച്ചു. മേയ് ഒമ്പതിന് കൊച്ചി വഴിയെത്തിയ ഇവർ മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. കുവൈത്തിലെ അബ്ബാസിയയിൽ ഭർത്താവിനും ഭർതൃ പിതാവിനുമൊപ്പമായിരുന്നു താമസം. ഏപ്രിൽ 30ന് കൊവിഡ് സ്ഥിരീകരിച്ച് ഭർതൃപിതാവ് കുവൈത്തിൽ ചികിത്സ തേടി. മേയ് ഏഴിന് ഇവർക്കും ഭർത്താവിനും മകനും കൊവിഡ് പരിശോധന നടത്തി. ഗർഭിണിയായതിനാൽ മകനൊപ്പം മേയ് ഒമ്പതിന് രാത്രി 9.30ന് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തി. വിമാനത്താവളത്തിലെ പരിശോധനകളിൽ കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഇല്ലാഞ്ഞതിനെ തുടർന്ന് ഭർതൃമാതാവിനും ഭർതൃ സഹോദരനുമൊപ്പം കാറിൽ വീട്ടിലേയ്ക്ക് മടങ്ങി. കുവൈത്തിൽ നടത്തിയ പരിശോധനയിൽ ഇരുവർക്കും കൊവിഡ് ബാധയുണ്ടെന്ന വിവരത്തെ തുടർന്ന് മേയ് 11ന് ആരോഗ്യവകുപ്പുമായി ഫോണിൽ ബന്ധപ്പെട്ടു. ഇരുവരെയും മഞ്ചേരി മെഡിക്കൽ കോളേജിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ച് സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. ഇന്നലെ അമ്മയ്ക്കും മകനും രോഗബാധ സ്ഥിരീകരിച്ചു.
ഇവരുമായി നേരിട്ട് സമ്പർക്കമുണ്ടായ ഭർതൃമാതാവ്, ഭർതൃ സഹോദരൻ എന്നിവരും മഞ്ചേരി മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിലാണ്. സഹയാത്രികനായിരുന്ന കരുളായി പാലേങ്കര സ്വദേശിക്കും കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു.
ബഹ്റൈനിൽ നിന്നുള്ള
നാലുപേർക്ക് കൊവിഡ് ലക്ഷണം
മലപ്പുറം: ബഹ്റൈനിൽ നിന്നു ചൊവാഴ്ച പുലർച്ചെ കരിപ്പൂരിലിറങ്ങിയ 184 യാത്രക്കാരിൽ നാലുപേരെ കൊവിഡ് ലക്ഷണങ്ങളോടെ കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോഴിക്കോട് സ്വദേശികളായ മൂന്നുപേർക്കും പാലക്കാട് സ്വദേശിയായ ഒരാൾക്കുമാണ് ആദ്യഘട്ട പരിശോധനയിൽ തന്നെ രോഗലക്ഷണങ്ങൾ കണ്ടത്.
ഇവരെ മറ്റു യാത്രക്കാർക്കൊപ്പം പ്രവേശിപ്പിക്കാതെ റൺവേയിൽ ആംബുലൻസുകളെത്തിച്ച് ആശുപത്രിയിലേക്ക് കൊണ്ടുപോയി.