മലപ്പുറം: ചെന്നൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്ക് പാലക്കാട് ജില്ലാ ആശുപത്രിയിൽ കൊവിഡ് സ്ഥിരീകരിച്ചു. പള്ളിക്കൽ ബസാർ സ്വദേശിയായ 44 കാരനാണ് രോഗബാധ. മറ്റ് ഒമ്പതുപേർക്കൊപ്പം യാത്രാ അനുമതിയില്ലാതെ വാളയാർ ചെക്ക് പോസ്റ്റിൽ എത്തിയതായിരുന്നു ഇയാളെന്ന് ജില്ലാ കളക്ടർ ജാഫർ മാലിക് അറിയിച്ചു. ചെന്നൈ കൊട്ടിപാക്കത്ത് ജ്യൂസ് കടയിൽ ജോലിക്കാരനാണ് വൈറസ് ബാധ സ്ഥിരീകരിച്ച പള്ളിക്കൽ ബസാർ സ്വദേശി. അവിടെ നിന്ന് മേയ് എട്ടിന് മറ്റ് ഒമ്പതുപേർക്കൊപ്പം പ്രത്യേക യാത്രാ അനുമതിയില്ലാതെ മിനി ബസിൽ യാത്ര ആരംഭിച്ച് മേയ് ഒമ്പതിന് രാവിലെ 10.30ന് പാലക്കാട് അതിർത്തിയിലെ വാളയാർ ചെക്ക് പോസ്റ്റിലെത്തി. ഇവിടെ പരിശോധനാ ഉദ്യോഗസ്ഥർ വാഹനം തടഞ്ഞു. തലവേദനയും ഛർദ്ദിയും തലകറക്കവും അനുഭവപ്പെട്ട പള്ളിക്കൽ ബസാർ സ്വദേശിയെയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട കോഴിക്കോട് സ്വദേശിയെയും പാലക്കാട് ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. സാമ്പിൾ പരിശോധനയിൽ ഇന്നലെ പള്ളിക്കൽ സ്വദേശിക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു.
ഇയാൾക്കൊപ്പം എത്തിയ കോഴിക്കോട് സ്വദേശി പാലക്കാട് ജില്ലാ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. മറ്റ് എട്ടുപേർ മെയ് 11ന് മലപ്പുറത്ത് തിരിച്ചെത്തി. ഇവർക്ക് പ്രത്യേക നിരീക്ഷണം ഉറപ്പാക്കിവരികയാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
മലപ്പുറം ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി. ജില്ലയ്ക്കു പുറത്തുള്ള ആശുപത്രികളിൽ ചികിത്സയിലുള്ളവരെ ജില്ലയുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ല. നാല് പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.