മലപ്പുറം: പൗരത്വ നിയമ ഭേദഗതിക്കെതിരായ സമരത്തെ തുടർന്ന് യു.എ.പി.എ ചുമത്തപ്പെട്ട ജാമിയ മില്ലിയയിലെയും ജെ.എൻ.യുവിലെയും വിദ്യാർത്ഥി നേതാക്കൾക്ക് നിയമസഹായം നൽകാൻ പാണക്കാട് ചേർന്ന മുസ്‌ലിം ലീഗ് ദേശീയസമിതി യോഗം തീരുമാനിച്ചു. മികച്ച അഭിഭാഷകരുടെ സേവനവും സാമ്പത്തിക സഹായവും ഉറപ്പാക്കും. നീതി ലഭിക്കും വരെ ഇരകളുടെ കുടുംബത്തോടൊപ്പം നിൽക്കും.
തിഹാർ ജയിലിലുള്ള സഫൂറ സർഗർ മൂന്നുമാസം ഗർഭിണിയാണ്. ദൽഹി ന്യൂനപക്ഷ കമ്മിഷൻ ചെയർമാനെന്ന പരിഗണന പോലുമില്ലാതെയാണ് സഫറുൽ ഇസ്‌ലാമിനെ വേട്ടയാടുന്നത്. ജയിലിലുള്ള ഡോ.ഖഫീൽ ഖാന് കോടതി ജാമ്യം നൽകിയിട്ടും വിട്ടയയ്ക്കുന്നില്ലെന്നും നേതാക്കൾ പറഞ്ഞു.
ഹൈദരലി ശിഹാബ് തങ്ങൾ, പി.കെ.കുഞ്ഞാലിക്കുട്ടി, ഇ.ടി.മുഹമ്മദ് ബഷീർ, പി.വി.അബ്ദുൽ വഹാബ്, കെ.പി.എ മജീദ്, എം.കെ.മുനീർ, സാദിഖലി ശിഹാബ് തങ്ങൾ എന്നിവർ പാണക്കാട്ടെ വസതിയിലും ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ, ഇഖ്ബാൽ അഹ്മദ്, നവാസ് ഗനി തുടങ്ങിയവർ വീഡിയോ കോൺഫറൻസ് മുഖേനെയും സംബന്ധിച്ചു.