മഞ്ചേരി: ലോക്ക് ഡൗണിൽ വെറുതേയിരിക്കാൻ മഞ്ചേരി ഗവ: ബോയ്സ് ഹൈസ്ക്കൂളിലെ യു.പി. വിഭാഗം ശാസ്ത്രാദ്ധ്യാപകനായ ഇല്യാസ് പെരിമ്പലം തയ്യാറായില്ല. 200പരം ശാസ്ത്രപരീക്ഷണ വീഡിയോകളും 25ലധികം ശാസ്ത്ര ഡോക്യുമെന്ററികളുമാണ് അദ്ദേഹം വീട്ടിലിരുന്ന് തയ്യാറാക്കിയത്.
പ്രതിവാര അവധിദിനങ്ങളിൽ സംസ്ഥാനത്തുടനീളം അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കുമായി ശാസ്ത്രപരീക്ഷണ പരിശീലനങ്ങളുമായി ഓടിനടന്നിരുന്നയാളാണ് ഇല്യാസ് . ബീ ടിവി സയൻസ് എന്ന സ്വന്തം യൂട്യൂബ് ചാനലിലാണ് താൻ തയ്യാറാക്കിയ ശാസ്ത്ര വീഡിയോകൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. ശാസ്ത്രക്ലാസുകളും കുട്ടികളെ പ്രചോദിപ്പിക്കുന്ന ശാസ്ത്രകഥകളും ജ്യോതിശാസ്ത്ര വീഡിയോകളും ഇതേ ചാനലിൽ അപ് ലോഡ് ചെയ്തിട്ടുണ്ട്. കുട്ടികൾക്ക് സ്വയംചെയ്യാൻ സാധിക്കുന്ന പരീക്ഷണങ്ങളുടെ ലിങ്കുകൾഅവരുടെ വാട്ട്സാപ്പ് ഗ്രൂപ്പുകളിലും സംസ്ഥാനത്തെ നിരവധി ശാസ്ത്രാദ്ധ്യാപക ഗ്രൂപ്പുകളിലും ഷെയർ ചെയ്യും. ഒട്ടേറെ കുട്ടികൾ പരീക്ഷണങ്ങൾ നടത്തി വീഡിയോകൾ ഇല്യാസിന് അയയ്ക്കാറുണ്ട്.
നിലവിലുള്ള യു.പി. ശാസ്ത്ര പാഠങ്ങളുമായി ബന്ധപ്പെട്ട മുഴുവൻ പരീക്ഷണങ്ങളും ഒന്നര മാസത്തെ കഠിന ശ്രമത്തിലൂടെ അദ്ദേഹം വീഡിയോകളാക്കി. സ്വയം നിർമ്മിച്ച നൂറുകണക്കിന് ഉപകരണങ്ങളുള്ള ഹോം സയൻസ് ലാബ് ഇദ്ദേഹത്തിനുണ്ട്. സ്കൂളിൽ പോവുമ്പോൾ പാഠഭാഗങ്ങൾക്കാവശ്യമായ ഉപകരണങ്ങളും കൊണ്ടു പോകും.
നിലവിലുള്ള യു.പി. ശാസ്ത്ര പാഠപുസ്തകങ്ങളുടെ തയ്യാറാക്കലിൽ പങ്കെടുത്തിട്ടുള്ള ഇദ്ദേഹത്തിന് ഗുരുശ്രേഷ്ഠ അവാർഡ്, സംസ്ഥാന പി.ടി.എ. യുടെ ബെസ്റ്റ് ടീച്ചർ അവാർഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സംസ്ഥാന ശാസ്ത്രമേളകളിൽ ഇദ്ദേഹത്തിന്റെ ശിഷ്യൻമാരും അദ്ധ്യാപകർക്കുള്ള ടീച്ചിംഗ് എയ്ഡ് മത്സരത്തിൽ ഇദ്ദേഹവും പലതവണ വിജയിച്ചു. ടെക്ക് മലപ്പുറം എന്ന ശാസ്ത്രാദ്ധ്യാപക കൂട്ടായ്മയുടെ ചെയർമാൻ, മലപ്പുറം അമേച്വർ ആസ്ട്രോണമേഴ്സ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് അംഗം എന്നീ നിലകളിലുംപ്രവർത്തിക്കുന്നു.