തിരൂരങ്ങാടി: ഹരിയാനയിലേക്കുള്ള ലോറിയിൽ നാട്ടിലേക്കു പോകാൻ ശ്രമിച്ച പത്തോളം രാജസ്ഥാൻ സ്വദേശികളെ നാട്ടുകാർ പിടികൂടി . ലോറി ഡ്രൈവർമാരായ തൻവർ, സഹൂൻ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്തു നിന്ന് ചരക്കുസാധനങ്ങളിറക്കി ദേശീയപാത വഴി മടങ്ങുന്ന സമയത്താണ് ചേളാരിയിൽ വച്ച് രാത്രി പത്തരയ്ക്ക് രാജസ്ഥാൻ സ്വദേശികളെ ലോറിയിൽ കൊണ്ടുപോവാൻ ശ്രമിച്ചത്. ഇതു കണ്ട നാട്ടുകാർ ഉടൻ മലപ്പുറം എസ്.പിയെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാർ ഇവരെ ലോറിയിൽ നിന്നിറക്കി. തിരൂരങ്ങാടി എസ്.എച്ച്.ഒ ജോയിയുടെ
നേതൃത്വത്തിൽ പൊലീസെത്തി ഹരിയാന സ്വദേശികളായ ഡ്രൈവർമാരെ അറസ്റ്റ് ചെയ്തു. ലോറി കസ്റ്റഡിയിലെടുത്തു. ചേളാരിയിലെ രാജസ്ഥാൻ സ്വദേശിക്ക് ലോറി ഡ്രൈവറെ മുൻപരിചയമുണ്ടായിരുന്നു. ഇവർ തമ്മിൽ ഫോണിൽ സംസാരിച്ച ശേഷമാണ് ലോറി താഴെ ചേളാരിയിലെത്തിയത്. ട്രെയിനിൽ പോവാനുള്ള ശ്രമം പരാജയപ്പെട്ടതിനെ തുടർന്നാണ് ഇവർ ലോറിയിൽ കടക്കാൻ തീരുമാനിച്ചത്. ഡ്രൈവർമാരെ ജാമ്യത്തിൽ വിട്ടയച്ചു.