മലപ്പുറം: മെയ് ഏഴിന് അബുദാബിയിൽ നിന്ന് കൊച്ചി വഴി ജില്ലയിലെത്തിയ മാറഞ്ചേരി പുറങ്ങ് സ്വദേശിയായ 50കാരനും ദുബൈയിൽ നിന്ന് കരിപ്പൂരിലെത്തിയ തവനൂർ മാണൂർ നടക്കാവ് സ്വദേശിയായ 64കാരനും കൊവിഡ് സ്ഥിരീകരിച്ചു. ഇരുവരും മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ഇതോടെ ഗൾഫിൽ നിന്ന് സംസ്ഥാനത്ത് തിരിച്ചെത്തി കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം സ്വദേശികളുടെ എണ്ണം എട്ടായി.
അബുദാബി മദീന സെയ്ദിൽ തയ്യൽ തൊഴിലാളിയാണ് മാറഞ്ചേരി സ്വദേശി. മേയ് ഏഴിന് അബുദാബിയിൽ നിന്നുള്ള എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ രാത്രി 12ന് കൊച്ചിയിലെ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തി. പരിശോധനകൾ പൂർത്തിയാക്കി മറ്റ് 13 പേർക്കൊപ്പം പ്രത്യേകം ഏർപ്പെടുത്തിയ കെ.എസ്.ആർ.ടി.സി. ബസിൽ മേയ് എട്ടിന് പുലർച്ചെ 4.15ന് കോഴിക്കോട് സർവകലാശാല ഇന്റർനാഷണൽ ഹോസ്റ്റലിലെ കൊവിഡ് കെയർ സെന്ററിലെത്തി. പ്രകടമായ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തതിനാലും ഇയാളുടെ വീട്ടിൽ മറ്റാരും ഇല്ലാത്തതിനാലും അബുദാബിയിൽ നിന്ന് കൂടെയെത്തിയ ബന്ധുവിനെയും ഇയാളോടൊപ്പം ടാക്സിയിൽ പുറങ്ങിലെ വീട്ടിലേക്കയച്ചു. ആരോഗ്യവകുപ്പിന്റെ നിർദ്ദേശപ്രകാരം പൊതുസമ്പർക്കമില്ലാതെ ഇരുവരും വ്യത്യസ്ത മുറികളിൽ പ്രത്യേക നിരീക്ഷണത്തിൽ കഴിഞ്ഞു. ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് മേയ് 10ന് വൈകിട്ട് ഏഴിന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.
അജ്മാനിൽ താമസിക്കുന്ന മാണൂർ സ്വദേശി ഷാർജയിൽ കരാർ തൊഴിലാളിയാണ്. എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ രാത്രി 10.35 ന് കരിപ്പൂരെത്തി. വിമാനത്താവളത്തിലെ പരിശോധനകൾക്ക് ശേഷം മറ്റ് 17 പേർക്കൊപ്പം മേയ് എട്ടിന് പുലർച്ചെ 2.30 ന് കാളികാവ് സഫ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ പ്രത്യേക നിരീക്ഷണം ആരംഭിച്ചു. മേയ് 10ന് രാവിലെ ചുമ അനുഭവപ്പെട്ടതിനെ തുടർന്ന് ഉച്ചയ്ക്കു ശേഷം 4.30ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാത്രി സാമ്പിൾ പരിശോധനയ്ക്ക് അയച്ചു. ഇന്നലെ കൊവിഡ് 19 സ്ഥിരീകരിച്ചു.
ഇവർക്കൊപ്പം യാത്ര ചെയ്ത ഗർഭിണികൾ ഉൾപ്പെടെയുള്ളവർ എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ അനുഭവപ്പെട്ടാൽ നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ 0483 273 7858, 273 7857, 273 3251, 273 3252, 273 3253.
ഇപ്പോൾ രോഗബാധ സ്ഥിരീകരിച്ചവർക്കൊപ്പം അന്നേദിവസം വിമാനത്തിലെത്തിയവരെല്ലാം ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം കർശന നിരീക്ഷണത്തിലാണ്. ഇവരെല്ലാവരും പൊതു സമ്പർക്കമില്ലാതെ ആരോഗ്യ ജാഗ്രത കർശനമായി പാലിക്കണം..
ജാഫർ മാലിക്, ജില്ലാ കളക്ടർ
മൊത്തം എട്ട് മലപ്പുറത്തുകാർ
കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചിരുന്ന കുവൈത്തിൽ നിന്നെത്തിയ തിരൂർ ബി.പി. അങ്ങാടി സ്വദേശി 27 കാരിയായ ഗർഭിണി, ഇവരുടെ മൂന്നു വയസുള്ള മകൻ, അബുദാബിയിൽ നിന്നെത്തിയ അങ്ങാടിപ്പുറം സ്വദേശി, കുവൈത്തിൽ നിന്നെത്തിയ കരുളായി പാലേങ്കര സ്വദേശി എന്നിവർ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ഐസൊലേഷനിലുണ്ട്.
ദുബായിൽ നിന്നെത്തിയ കോട്ടയ്ക്കൽ ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും അബുദാബിയിൽ നിന്നെത്തിയ എടപ്പാൾ നടുവട്ടം സ്വദേശി കളമശ്ശേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സയിൽ തുടരുകയാണ്.