തിരൂരങ്ങാടി: പൊലീസ് സ്റ്റേഷനിൽ യുവാവിന് നേരെ ക്രൂര മർദ്ദനമുണ്ടായതായി പരാതി. വെന്നിയൂരിലെ സാമൂഹ്യ പ്രവർത്തകനും ആർ.വൈ.എഫ് ജില്ലാ സെക്രട്ടറിയുമായ റംഷീദിനെയാണ് തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെ മൂന്ന് പൊലീസുകാർ ക്രൂരമായി മർദ്ദിച്ചതായി ആക്ഷേപമുയർന്നത്. നെഞ്ചിനും നാഭിക്കും ചവിട്ടേറ്റ് റംഷീദ് തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.
എസ്.ഐയോട് ധിക്കാരപരമായി സംസാരിച്ചെന്നാരോപിച്ചായിരുന്നുവത്രേ മർദ്ദനം. വെന്നിയൂർ പ്രദേശത്തെ വാടകക്കെട്ടിടത്തിലെ വെള്ളക്ഷാമം സംസാരിക്കാനാണ് റംഷീദ് കെട്ടിട ഉടമ ചെറുകര മുഹമ്മദിനൊപ്പം തിരൂരങ്ങാടി പൊലീസ് സ്റ്റേഷനിലെത്തിയത്. അന്യ സംസ്ഥാന തൊഴിലാളികൾക്ക് വെള്ളം നൽകുന്നത് സംബന്ധിച്ച വിവരങ്ങൾ പൊലീസ് വിശ്വാസത്തിലെടുക്കാൻ വിസമ്മതിച്ചപ്പോൾ കളക്ടർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെ സമീപിക്കുമെന്ന് റംഷീദ് പറഞ്ഞതാണത്രേ പ്രകോപനം.