മലപ്പുറം: നിർമ്മാണ മേഖലയെ ലോക്ക്‌ഡൗണിലാക്കി സാധനസാമഗ്രികളുടെ വിലക്കയറ്റം. തീവിലയ്ക്കൊപ്പം ക്ഷാമം കൂടിയായതോടെ സാധാരണക്കാർ തീർത്തും ദുരിതത്തിലാണ്. ജനതാ കർഫ്യൂവിന് പിന്നാലെ നിറുത്തിവച്ച വീട് നിർമ്മാണമടക്കമുള്ള പ്രവൃത്തികൾ തുടങ്ങാനിരിക്കെയാണ് സിമന്റ്, കമ്പി, മെറ്റൽ എന്നിവയുടെ വില കുത്തനെ കൂടിയത്. ഒരുചാക്ക് സിമന്റിന് 30 മുതൽ 50 രൂപ വരെ വർദ്ധിച്ചു. സിമന്റിന് വില വർദ്ധിപ്പിക്കാൻ സർക്കാർ അനുമതി വേണമെന്ന നിബന്ധന കമ്പനികൾ പാലിച്ചില്ല. ലോക്ക്ഡൗണിന് പിന്നാലെ ജില്ലയിലെ ചെറുകിട വ്യാപാരികൾ സ്റ്റോക്ക് ചെയ്ത സിമന്റ് കട്ടപിടിച്ച് ഉപയോഗശൂന്യമായി. മൂന്ന് മാസത്തെ കാലാവധി കമ്പനികൾ പറയുന്നുണ്ടെങ്കിലും കൃത്യമായി സൂക്ഷിക്കാൻ പലർക്കും സൗകര്യങ്ങളില്ല. ഇതോടെ നഷ്ടം സഹിക്കേണ്ടിവന്നവർ പുതിയ സ്റ്റോക്ക് എടുക്കാൻ മടിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികളുടെ തിരിച്ചുപോക്കും നിർമ്മാണപ്രവൃത്തികളിലെ മന്ദഗതിയും ഇതിനുകാരണമാണ്. മെറ്റലിന് അടിക്ക് പത്ത് രൂപ വരെ വർദ്ധിപ്പിച്ചു. ജില്ലയിൽ ക്രഷറുകൾക്ക് പ്രവർത്തനാനുമതി നൽകിയിട്ടില്ലെങ്കിലും ക്വാറികളിൽ കെട്ടിക്കിടക്കുന്ന ഉത്പന്നങ്ങൾ വിറ്റഴിക്കാൻ അനുവാദമുണ്ട്. ക്വാറി ഉത്പന്നങ്ങൾക്ക് കൃത്രിമ ക്ഷാമമുണ്ടാക്കി വില കൂട്ടുന്നുണ്ട്. കമ്പിക്ക് കിലോയ്ക്ക് 60 രൂപയാണ്.
തദ്ദേശ സ്ഥാപനങ്ങൾ കുടുക്കിൽ
വില വർദ്ധനവ് തദ്ദേശ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവൃത്തികളെ കാര്യമായി ബാധിക്കുന്നുണ്ട്. ഏറ്റെടുത്ത പ്രവൃത്തികൾ തുടങ്ങാനും അവസാനഘട്ടത്തിലുള്ള പദ്ധതികളുടെ പൂർത്തീകരണത്തിനും കരാറുകാർ മടിക്കുന്നു. മൺസൂണെത്തും മുമ്പേ പൂർത്തിയാക്കേണ്ട പദ്ധതികളുടെ നിർമ്മാണവും തടസപ്പെട്ടു. ലോക്ക്ഡൗൺ അവസാനിച്ചാലും വില കുറയാതെ പ്രതിസന്ധി പരിഹരിക്കപ്പെടില്ലെന്ന ആശങ്കയിലാണ് തദ്ദേശ ഭരണസമിതികൾ. എസ്റ്റിമേറ്റ് തുക പര്യാപ്തമല്ലെന്ന വാദം കരാറുകാർ ഉന്നയിക്കുന്നുണ്ട്.
വില വർദ്ധനവിങ്ങനെ
375 രൂപ - ലോക്ക് ഡൗണിന് മുമ്പുള്ള സിമന്റ് വില
425 നിലവിലെ വില
കമ്പി കിലോയ്ക്ക് 20 രൂപ
മെറ്റലിന് അടിക്ക് 8 മുതൽ 10 രൂപ
സാധന സാമഗ്രികളുടെ വില വർദ്ധനവ് നിർമ്മാണ മേഖലയിൽ വലിയ പ്രതിസന്ധിയുണ്ടാക്കും. തദ്ദേശ സ്ഥാപനങ്ങളുടെ നിർമ്മാണ പ്രവൃത്തികൾ അവതാളത്തിലാവും. സർക്കാർ അടിയന്തര ഇടപെടൽ നടത്തണം.
എ.പി.ഉണ്ണികൃഷ്ണൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്