തിരൂർ : അരിക്കാഞ്ചിറയിലെ മുതിയേരിപ്പറമ്പിൽ യഹിയാമോന്റെ ഫ്രൂട്ട്സ് കട വ്യാഴാഴ്ച പുലർച്ചയോടെ സാമൂഹ്യ വിരുദ്ധർ തീയിട്ട് നശിപ്പിച്ചു. തീ ആളിപ്പടരുന്നത് കണ്ടി സമീപത്തെ വീട്ടുകാരെത്തി തീയണയ്ക്കാൻ ശ്രമിച്ചെങ്കിലും ഫലിച്ചില്ല. അമ്പതിനായിരം രൂപയുടെ പഴങ്ങളാണ് കത്തിനശിച്ചത്.കടയിലുണ്ടായിരുന്ന ഫർണ്ണിച്ചറുകളും ചാമ്പലായി. വിഷുദിവസം രാത്രിയിലും സാമൂഹ്യ വിരുദ്ധർ ഇദ്ദേഹത്തിന്റെ കടയ്ക്ക് തീയിട്ടിരുന്നു. റിയാദിലെ ഹോട്ടൽജോലി അവസാനിപ്പിച്ച് ഒരു വർഷം മുമ്പ് നാട്ടിലെത്തിയ ഇദ്ദേഹം ആകെയുള്ള സമ്പാദ്യം സ്വരൂപിച്ചാണ് കട തുടങ്ങിയത്. പറവണ്ണ ഹൈസ്‌കൂളിന് സമീപത്തുള്ള കുഞ്ഞാലകത്ത് അബ്ദുൾ ഖാദറിന്റെയും കുട്ടാത്ത് സൈനുദ്ധീന്റെയും ചായക്കടയ്ക്ക് തീയിട്ടത് രണ്ടാഴ്ച മുമ്പാണ്.സംഭവത്തിന് പിന്നിൽ ആരാണന്ന് ഇനിയും വ്യക്തമായിട്ടില്ല. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളെ പിടികൂടാനാവശ്യമായ നടപടി സ്വീകരിച്ചു വരികയാണെന്ന് എസ്.ഐ ജലീൽ കറുത്തേടത്ത് പറഞ്ഞു.