മൂന്നുപേർ ഗൾഫിൽ നിന്നെത്തിയ പ്രവാസികൾ; രണ്ട് പേർ മുംബൈയിൽ നിന്നെത്തിയവർ

മലപ്പുറം: ജില്ലയിൽ അഞ്ചുപേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതിൽ മൂന്നുപേർ ഗൾഫ് രാജ്യങ്ങളിൽ നിന്നും ഒരു യുവതിയുൾപ്പെടെ രണ്ടുപേർ മുംബൈയിൽ നിന്നും തിരിച്ചെത്തിയവരാണ്. അബുദാബിയിൽ നിന്നെത്തിയ തൃപ്രങ്ങോട് ആനപ്പടി സ്വദേശിയായ 27കാരൻ, ദുബായിൽ നിന്നെത്തിയ മുന്നിയൂർ വെളിമുക്ക് സൗത്ത് സ്വദേശിയായ 44കാരൻ, മഞ്ചേരി ചെരണി സ്വദേശിയായ 60കാരൻ, മുംബൈയിൽ നിന്നെത്തിയ വെളിയങ്കോട് സ്വദേശിയായ 31കാരൻ, വെളിയങ്കോട് സ്വദേശിനിയായ 33കാരി എന്നിവർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. അഞ്ചുപേരും മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ദുബായിലെ ബനിയാഹ് ഈസ്റ്റിലെ ഹൗസ് ഡ്രൈവറാണ് ഇപ്പോൾ വൈറസ്ബാധ സ്ഥിരീകരിച്ച തൃപ്രങ്ങോട് സ്വദേശി. അവിടെ അഞ്ചുപേർക്കൊപ്പം ഒരു മുറിയിലായിരുന്നു താമസം. മേയ് ഏഴിന് രാത്രി 10.45ന് അബുദാബിയിൽ നിന്ന് ഐ.എക്സ് 452 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ കൊച്ചിയിലെത്തി. എട്ടിന് പുലർച്ചെ കോഴിക്കോട് സർവകലാശാല ഇന്റർനാഷണൽ ഹോസ്റ്റലിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. തിരിച്ചെത്തുന്നതിന് 10ദിവസം മുമ്പ് ദുബായിൽവച്ച് തലവേദനയും പനിയുടെ ലക്ഷണങ്ങളുമുണ്ടെന്ന വിവരത്തെ തുടർന്ന് മേയ് 11ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദുബായിൽ കൂടെ താമസിച്ചിരുന്ന രണ്ട് ഫാർമസി ജീവനക്കാർക്ക് താമസസ്ഥലത്തിനടുത്തുള്ള കൊവിഡ് ബാധിതനുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നു. 11ന് സാമ്പിൾ പരിശോധനയ്ക്കയച്ചു. ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.

കൊവിഡ് സ്ഥിരീകരിച്ച മുന്നിയൂർ സ്വദേശി യു.എ.ഇയിലെ അജ്മാനിൽ ടാങ്കർ ലോറി ഡ്രൈവറാണ്. ജറഫ് ഇൻഡസ്ട്രിയൽ ഏരിയയിലെ ഫ്ളാറ്റിലാണ് താമസം. ഏപ്രിൽ 15ന് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടിരുന്നു. മേയ് ഏഴിന് ദുബായിൽ നിന്ന് ഐ.എക്സ് 344 എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ രാത്രി 10.35ന് കരിപ്പൂർ വിമാനത്താവളത്തിലെത്തി. കെ.എസ്.ആർ.ടി.സി ബസിൽ മേയ് എട്ടിന് പുലർച്ചെ 3.30ന് കാളികാവ് സഫ ആശുപത്രിയിലെ കൊവിഡ് കെയർ സെന്ററിൽ പ്രവേശിപ്പിച്ചു. മേയ് ഒമ്പതിന് ജലദോഷവും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് കൊവിഡ് കെയർ സെന്ററിൽ നിന്നുതന്നെ സാമ്പിളെടുത്ത് പരിശോധനയ്ക്കയച്ചു. 12ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു.

ജില്ലയിൽ രോഗബാധ സ്ഥിരീകരിച്ച മഞ്ചേരി ചെരണി സ്വദേശി 60കാരൻ ദുബായിലെ അൽഖിസൈയ്സിൽ പരസ്യക്കമ്പനിയിൽ സെയിൽസ് എക്സിക്യൂട്ടീവാണ്. ഷാർജയിൽ മറ്റ് എട്ടുപേർക്കൊപ്പം രണ്ടുമുറികളിലായാണ് താമസം. കൂടെയുണ്ടായിരുന്ന കൊവിഡ് ബാധിതനായ മലയാളിയുമായി അടുത്ത സമ്പർക്കമുണ്ടായിരുന്നു. മേയ് 12ന് ദുബായിൽ നിന്ന് ഐ.എക്സ് 814 എയർഇന്ത്യ എക്സ്‌പ്രസ് വിമാനത്തിൽ വൈകിട്ട് ഏഴിന് കണ്ണൂർ വിമാനത്താവളത്തിലെത്തി. 13ന് പുലർച്ചെ 2.30 ന് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു.

മുംബൈയിൽ നിന്നെത്തിയ വെളിയങ്കോട് സ്വദേശിക്കും സഹോദരന്റെ ഭാര്യയ്ക്കുമാണ് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. മുംബൈയിൽ ട്രാവൽസിലെ ജീവനക്കാരനായ വെളിയങ്കോട് സ്വദേശി മുബൈ സെൻട്രലിലാണ് താമസം. മാർച്ച് രണ്ടാംവാരം ഇയാളുടെ സഹോദരനും ഭാര്യയും മകനും മുംബൈയിലെത്തി ഇയാൾക്കൊപ്പം താമസിച്ചു. സർക്കാരിന്റെ പ്രത്യേക അനുമതിയോടെ മേയ് എട്ടിന് രാത്രി എട്ടിന് സ്വകാര്യ കാറിൽ നാലുപേരും നാട്ടിലേയ്ക്ക് യാത്ര തിരിച്ചു. 10ന് പുലർച്ചെ 3.15ന് വെളിയങ്കോടുള്ള സ്വന്തം വീട്ടിലെത്തി. 11ന് തലവേദനയും തൊണ്ടവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് വൈകിട്ട് 6.30ന് തിരൂർ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ കേന്ദ്രത്തിലെത്തിച്ച് സാമ്പിളെടുത്തു. 12ന് വൈകിട്ട് മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കൊവിഡ് ബാധ സ്ഥിരീകരിച്ചു.

രോഗബാധിതനായ വെളിയങ്കോട് സ്വദേശിയുടെ സഹോദരന്റെ ഭാര്യയാണ് രോഗബാധ സ്ഥിരീകരിച്ച 33 കാരിയായ യുവതി. ഫെബ്രുവരി 12 നാണ് ഇവർ മകനും ഭർത്താവിനുമൊപ്പം ഭർത്തൃ സഹോദരന്റെ മുംബൈ സെൻട്രലിലെ വീട്ടിലെത്തി താമസം ആരംഭിക്കുന്നത്. ഏപ്രിൽ 25ന് ഇവർക്ക് തലവേദന അനുഭവപ്പെട്ടിരുന്നു. 10നാണ് വെളിയങ്കോടുള്ള സ്വന്തം വീട്ടിലെത്തിയത്. ഭർത്തൃ സഹോദരന് രോഗലക്ഷണങ്ങൾ കണ്ടതോടെ 12ന് മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചു.

ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ്- 19 സ്ഥിരീകരിച്ചവരുടെ എണ്ണം 33 ആയി. 11 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇതുവരെ 21 പേർക്ക് രോഗം ഭേദമായി.ആവശ്യപ്പെട്ടു. ഗർഭിണികളടക്കമുള്ളവർ ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണമായും പാലിക്കണം. മുംബൈയിൽ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവരും സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253

രോഗം സ്ഥിരീകരിച്ച പ്രവാസികൾ തിരിച്ചെത്തിയ വിമാനങ്ങളിലെ യാത്രക്കാരെല്ലാം സർക്കാർ നിർദ്ദേശപ്രകാരം ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണത്തിലാണ്. ഇവർ ആരോഗ്യ ജാഗ്രതാ നിർദ്ദേശങ്ങൾ പാലിക്കണം.
ജില്ലാ കളക്ടർ ജാഫർ മാലിക്