egg

മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി കുളപ്പുരക്കൽ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴിയിട്ട പച്ചമുട്ട

വേറിട്ടൊരു പച്ചയാണിപ്പോൾ മലപ്പുറത്തെ ചർച്ചാ വിഷയം. പതിവിന് വിപരീതമായി ഈ പച്ചയ്ക്ക് മുസ്‌ലിം ലീഗുമായി യാതൊരു ബന്ധവുമില്ല. മലപ്പുറം ഒതുക്കുങ്ങൽ സ്വദേശി കുളപ്പുരക്കൽ ശിഹാബുദ്ദീന്റെ വീട്ടിലെ കോഴികളാണ് ഈ പച്ചയിലെ കഥാപാത്രങ്ങൾ. സാധാരണ കോഴി മുട്ടയുടെ ഉണ്ണി(കരു)​ക്ക് മഞ്ഞയോ,​ ഓറഞ്ചോ നിറമായിരിക്കും. ശിഹാബുദ്ദീന്റെ കോഴികളുടേത് പച്ചക്കരുവാണ്,​ അതും ലീഗ് കൊടി പോലെ കടുംപച്ച. പത്ത് മാസമായി ഇടുന്ന മുട്ടയെല്ലാം പച്ചയാണെങ്കിലും നാട്ടുകാർക്കിടയിൽ ചർച്ചയായത് ഇപ്പോഴാണ്. സംഭവം സോഷ്യൽ മീഡിയ ഏറ്റെടുത്തതോടെ പച്ചയായ രഹസ്യമറിയാൻ വെറ്റിനറി സർവകലാശാലയിൽ നിന്നടക്കം വിദഗ്‌ർ ഓടിയെത്തി. മുട്ട തിരിച്ചും മറിച്ചും പൊട്ടിച്ചും നോക്കിയിട്ടും സംഗതി പിടികിട്ടിയിട്ടില്ല. വയറുനിറയെ ഗ്രീൻപീസോ,​ പരുത്തിക്കുരുവോ അതോ ബേക്കറി വേസ്റ്റോ കൊടുത്തതാവാം കാരണമെന്നാണ് ആദ്യ നിഗമനം. സ‍ൾഫറിന്റെ അംശം കൂടിയാലും നിറംമാറ്റം വരാമത്രെ. സാധാരണ തീറ്റ തന്നെയാണ് കൊടുക്കുന്നതെന്ന് ശിഹാബുദ്ദീനും പറയുന്നു. കൂടുതൽ പഠനം വേണമെന്ന് അറിയിച്ച് വിദഗ്ദ്ധർ മടങ്ങി. കാര്യമെന്തായാലും പച്ചയിലൂടെ ശിഹാബുദ്ദീന്റെ തലവര തെളിഞ്ഞിട്ടുണ്ട്. ഒരുമുട്ടയ്ക്ക് ആയിരം രൂപ വരെ ഓഫറുണ്ട്. ഇക്കാര്യം കോഴികൾക്കറിയില്ലല്ലോ,​ 20 കോഴികളിൽ ഏഴെണ്ണെമാണ് പച്ച മുട്ടയിടുന്നത്. വിവിധ ഇനത്തിൽപ്പെട്ട കോഴികൾ ഒരുമിച്ചാണ് താമസം,​ ഇനിയെങ്ങാനും?​. ആണെങ്കിൽ തന്നെ പച്ച മുട്ടയെങ്ങനെ,​ നാട്ടുകാരുടെ പലവിധ സംശയങ്ങൾ ബാക്കിയാക്കി ചർച്ച പുരോഗമിക്കുന്നു.

ഉള്ളിൽ തീയാണ്

പച്ച ചർച്ചകൾക്കിടയിലും ഉള്ള് നീറുന്നുണ്ട് മലപ്പുറത്തിന്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗൾഫ് പ്രവാസികളുള്ളത് മലപ്പുറം ജില്ലയിലാണ്. ഒരുപ്രവാസിയെങ്കിലും ഇല്ലാത്ത വീട് അപൂർവ്വം. ഗൾഫ് രാജ്യങ്ങളിൽ കൊവിഡ് അതിവേഗം വ്യാപിക്കുന്നുണ്ട്. മരണപ്പെടുന്ന മലയാളികളുടെ എണ്ണവും ഓരോ ദിവസവും കൂടുന്നു. അസുഖ ബാധിതരിൽ പലർക്കും മതിയായ ചികിത്സയോ,​ പരിചരണമോ ലഭിക്കുന്നില്ല. ലേബർ ക്യാമ്പുകളിൽ കൊവിഡ് പടരുമ്പോൾ മലപ്പുറത്തിന്റെ ഉള്ളിൽ തീയാണ്. അവിദഗ്ദ്ധ തൊഴിലാളികളാണ് ജില്ലയിൽ നിന്നുള്ളവരിൽ ഭൂരിഭാഗവും. നാട്ടിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവരുടെ നീണ്ട ക്യൂവിൽ നിന്ന് അവസരം ലഭിക്കുന്നത് നാമമാത്രമായ പേർക്ക് മാത്രം. തിരിച്ചുപോന്നാൽ ജോലി നഷ്ടപ്പെടുമോയെന്ന ആധിയിൽ കുടുംബത്തെയോ‌ർത്ത് ജീവൻ മുറുകെപിടിച്ച് കഴിയുന്നവർ മറ്റൊരു വശത്ത്. ഗൾഫ് പണത്തിലൂടെയാണ് ഇല്ലായ്മകളിൽ നിന്നും സമൃദ്ധിയിലേക്ക് മലപ്പുറം നടന്നടുത്തത്. കേരളത്തിൽ കൊവിഡ് റിപ്പോർട്ട് ചെയ്യുമ്പോഴുള്ള അതേ ആധിയിലാണ് ഗൾഫ് നാടുകളിലെ ഓരേ വർദ്ധനവും മലപ്പുറം നോക്കികാണുന്നത്. സൗദി അറേബ്യയുടെ നിതാഖത്തും വിവിധ ഗൾഫ് രാജ്യങ്ങളുടെ തൊഴിൽനയങ്ങളിലെ മാറ്റവും മൂലം ജോലി നഷ്ടപ്പെട്ട് തിരിച്ചെത്തിയവരിൽ നല്ലൊരു വിഭാഗത്തിനും ഇന്നും നാട്ടിൽ സ്ഥിരമായ അന്നമാർഗ്ഗം കണ്ടെത്താനായിട്ടില്ല. കൂടുതൽപേർ ജോലി നഷ്ടപ്പെട്ട് തിരിച്ചുവന്നാലുള്ള അവസ്ഥ മലപ്പുറത്തിന് താങ്ങാനാവുന്നതിലും അപ്പുറമാവും.

ആശ്വാസം,​ ആശങ്ക

വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പറന്നിറങ്ങുന്നുണ്ട്. ഇവരിൽ ഭൂരിഭാഗവും ഗർഭിണികളും പ്രായമായവരും കുട്ടികളും വിവിധ ചികിത്സകൾക്കായി എത്തുന്നവരുമാണ്. അവസാന പിടിവള്ളിക്കായി ശ്രമങ്ങൾ നടത്തുന്നതിനാൽ ജോലി നഷ്ടപ്പെട്ട് എത്തുന്നവ‌ർ അത്രമാത്രമില്ല. മടങ്ങിയെത്തുന്ന പ്രവാസികളിൽ കൊവിഡ് ലക്ഷണങ്ങളുള്ളവരുടെ എണ്ണം കൂടുന്നത് മലപ്പുറത്തെ ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കഴിഞ്ഞ ദിവസം കുവൈത്തിൽ നിന്നെത്തിയവരിൽ ആറുപേരെ കൊവിഡ് ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. ജിദ്ദയിൽ നിന്നെത്തിയ വിമാനത്തിലെ ഗർഭിണിയായ യുവതിക്കും മകനും രോഗലക്ഷണങ്ങൾ പ്രകടമായി. ഈ രണ്ട് സംഭവങ്ങളിലും രോഗലക്ഷണങ്ങൾ വിമാനത്താവളത്തിൽ വച്ച് തന്നെ കണ്ടെത്താനായെങ്കിൽ കൊവിഡ് സെന്ററിലും വീടുകളിലുമെത്തിയ ശേഷം രോഗം സ്ഥിരീകരിച്ചവരും മലപ്പുറത്തുണ്ട്. പ്രവാസികളുടെ മടക്കത്തിന് വേണ്ടി സർവ സന്നാഹങ്ങളും ഒരുക്കി മലപ്പുറം കാത്തിരിക്കുമ്പോൾ തന്നെ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള ജില്ല ആരോഗ്യ സംവിധാനങ്ങളിൽ ഇപ്പോഴും പിന്നിലാണെന്നത് വലിയ ആശങ്ക തന്നെയാണ്.