cycle
വളാഞ്ചേരിയിൽ നിന്നും സൈക്കിളിൽ ഒറീസയിലേക്ക് പുറപ്പെട്ട അഞ്ചംഗ അതിഥി തൊഴിലാളികളെ പെരിന്തൽമണ്ണ പൊലിസ് പിടികൂടിയപ്പോൾ.

പെരിന്തൽമണ്ണ: വളാഞ്ചേരിയിൽ നിന്നും സൈക്കിളിൽ ഒറീസയിലേക്ക് പുറപ്പെട്ട അഞ്ചംഗ അന്യസംസ്ഥാന തൊഴിലാളികളെ അങ്ങാടിപ്പുറത്ത് വച്ച് പെരിന്തൽമണ്ണ പൊലീസ് പിടികൂടി തിരിച്ചയച്ചു. വ്യാഴാഴ്ച്ച വൈകിട്ടോടെയാണ് നാലു സൈക്കിളുകളിലായി അഞ്ചു പേരടങ്ങുന്ന ഒറീസക്കാരുടെ സംഘം വളാഞ്ചേരിയിൽ നിന്നും പുറപ്പെട്ടത്. സൈക്കിളിൽ കെട്ടിവച്ച ബാഗുകളുമായി കിലോമീറ്ററുകൾ താണ്ടി വരുന്നതിനിടയ്ക്കാണ് അങ്ങാടിപ്പുറം മേൽപ്പാലം പരിസരത്തു വച്ചു പെരിന്തൽമണ്ണ വനിതാ എസ്.ഐ രമാദേവിയും സംഘവും ഇവരെ പിടികൂടിയത്. വളാഞ്ചേരിയിലെ ഒരു ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു ഇവരെല്ലാവരും. ലോക്ക് ഡൗൺ മൂലം ഹോട്ടൽ പൂട്ടിയതോടെ പണിയില്ലാതെ റൂമിൽ കഴിയുമ്പോഴാണ് വീട്ടുടമയുടെ നിർദ്ദേശ പ്രകാരം നാട്ടിലേക്ക് പോകാൻ ഒരുങ്ങിയത്. തങ്ങൾക്ക് പോകാൻ താത്പര്യമില്ലായിരുന്നെന്നും കയറിക്കിടക്കാൻ ഇടമില്ലാത്തതിനാലാണ് പോവാനൊരുങ്ങിയതെന്ന് ഇവർ പൊലീസിനോട് പറഞ്ഞത്. തുടർന്ന് വീട്ടുടമയ്ക്ക് ഫോൺ ചെയ്ത് താക്കീത് നൽകിയ പൊലീസ് ഇവരോട് താമസസ്ഥലത്തേക്ക് പോകാൻ നിർദ്ദേശിച്ചു. തുടർന്ന് ഇവർ സൈക്കിളിൽ തിരികെ വളാഞ്ചേരിയിലേക്ക് പോയി.