കുറ്റിപ്പുറം : സിനിമാരംഗത്തെ തിരക്കിനിടയിൽ ലോക്ക് ടൗൺ നൽകിയ ഇടവേള ഉപയോഗിച്ച് കേരളഗാന്ധി കെ. കേളപ്പന്റെ പൂർണ്ണകായ പ്രതിമ തീർത്തിരിക്കുകയാണ് ശിൽപ്പി ത്യാഗു എന്ന ത്യാഗരാജൻ. കുഞ്ഞിരാമായണം, മേരാനാം ഷാജി, ഗോദ, ഗാനഗന്ധർവൻ തുടങ്ങി അമ്പതോളം സിനിമകളുടെ ചലച്ചിത്ര കലാസംവിധായകനാണ് ത്യാഗരാജൻ. കേരളഗാന്ധി എന്നറിയപ്പെടുന്ന കെ. കേളപ്പന്റെ പ്രധാന പ്രവർത്തന മേഖല തവനൂരായിരുന്നു. അദ്ദേഹത്തിന് ഉചിതമായൊരു സ്മാരകവും പ്രതിമയും നാട്ടിൽ ഒരുക്കണമെന്ന ആഗ്രഹമാണ് ലോക്ക് ഡൗൺ കാലയളവിൽ ത്യാഗു സാക്ഷാത്കരിച്ചത്.

20 ദിവസംകൊണ്ടാണ് ത്യാഗു പ്രതിമ ഈ രീതിയിൽ നിർമ്മിച്ചത്. കെ കേളപ്പന്റെ പൂർണ്ണചിത്രം ലഭിക്കാത്തത് ശിൽപ്പ നിർമ്മാണത്തെ വലച്ചു. എങ്കിലും അദ്ദേഹത്തെ നേരിട്ട് കണ്ടവരിൽ നിന്നറിഞ്ഞ രൂപം സിമന്റിലും കമ്പിയിലും തീർക്കുകയായിരുന്നു ഏഴര അടിയോളം ഉയരമുള്ള ശിൽപ്പത്തിന്റെ അവസാനവട്ട മിനുക്കുപണികളാണ് ഇനി ശേഷിക്കുന്നത്.