രോഗബാധിതർ മുംബൈയിൽ നിന്നെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികൾ
മലപ്പുറം : മുംബൈയിൽ നിന്നെത്തിയ മാറഞ്ചേരി കാഞ്ഞിരമുക്ക് സ്വദേശികളായ യഥാക്രമം 49 ഉം 51 ഉം വയസുള്ള രണ്ടുപേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. അടുത്ത ബന്ധുക്കളായ ഇരുവരും ഒരുമിച്ചാണ് മുംബൈയിൽ നിന്നും നാട്ടിൽ തിരിച്ചെത്തിയത്. ഇവരെ കൊവിഡ് പ്രത്യേക ചികിത്സാ കേന്ദ്രമായ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിപ്പിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന അറിയിച്ചു.
മുംബൈയിലെ കൊളാബയിൽ ഇളനീർ വിൽപ്പനക്കാരായ ഇരുവരും കൊളാബയിലെ ചേരിയിലാണ് താമസം. മേയ് 12ന് രാവിലെ 11ന് മറ്റ് ആറുപേർക്കൊപ്പം ഇവർ സർക്കാർ അനുമതിയോടെ സ്വകാര്യ വാഹനത്തിൽ യാത്ര ആരംഭിച്ചു. മേയ് 13ന് ഉച്ചയ്ക്ക് 1.30ന് മുത്തങ്ങയിലെത്തി. ആരോഗ്യവകുപ്പിന്റെ പ്രത്യേക പരിശോധനകൾക്കു ശേഷം സാമ്പിൾ നൽകി വൈകിട്ട് ഏഴിന് മുത്തങ്ങയിൽ നിന്ന് യാത്ര തുടർന്നു. രാത്രി 11 ന് എടപ്പാൾ പൊൽപ്പാക്കരയിലും രാത്രി 12ന് ചമ്രവട്ടത്തും മെയ് 14 ന് പുലർച്ചെ 12.30ന് പൊന്നാനി കള്ളപ്പുറത്തുമെത്തി കൂടെയുണ്ടായിരുന്ന ഓരോ യാത്രക്കാരെ ഇറക്കിയ ശേഷം പുലർച്ചെ 1.45 ന് മാറഞ്ചേരി കാഞ്ഞിരമുക്കിലെ വീട്ടിലെത്തി. ഇപ്പോൾ രോഗം സ്ഥിരീകരിച്ച ഇരുവരും 49 കാരന്റെ വീട്ടിൽ വീട്ടുകാരുൾപ്പെടെ ആരുമായും സമ്പർക്കമില്ലാതെ ആരോഗ്യവകുപ്പിന്റെ പ്രത്യേക നിർദ്ദേശപ്രകാരം നിരീക്ഷണം ആരംഭിച്ചു. വീട്ടുകാരെയെല്ലാം മറ്റൊരു വീട്ടിലേയ്ക്ക് മാറ്റിയാണ് ഇരുവരും കഴിഞ്ഞത്. സാമ്പിൾ പരിശോധനയിൽ രോഗബാധ സ്ഥിരീകരിച്ചതോടെ ഇന്നലെ 108 ആംബുലൻസിലെത്തി മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഐസൊലേഷനിൽ പ്രവേശിച്ചു.
മുംബൈയിൽ നിന്നെത്തിയവരുമായി ഇടപഴകിയവർക്ക് എന്തെങ്കിലും ആരോഗ്യ പ്രശ്നങ്ങളുണ്ടായാൽ ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുത്. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണം. ജില്ലാതല കൺട്രോൾ സെൽ നമ്പറുകൾ: 0483 2737858, 2737857, 2733251, 2733252, 2733253.
ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 39 ആയി. 17 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്.
മുംബൈയിൽ നിന്നെത്തിയവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പൊതു സമ്പർക്കമില്ലാതെ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണം.വിവരം ആരോഗ്യ പ്രവർത്തകരെ അറിയിക്കണം
ജില്ലാ കളക്ടർ ജാഫർ മാലിക്
167 പേർക്കുകൂടി ജില്ലയിൽ ഇന്നലെ കൊവിഡ് പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തി
3,712 പേരാണ് ഇപ്പോൾ ജില്ലയിൽ നിലവിൽ കൊവിഡ് നിരീക്ഷണത്തിലുള്ളത്.
മാസ്കില്ല: 410 പേർക്കെതിരെ കേസെടുത്തു
മലപ്പുറം:മാസ്‌ക് ധരിക്കാതെ വീടുകളിൽ നിന്ന് പുറത്തിറങ്ങിയതിന് 410 കേസുകൾ രജിസ്റ്റർ ചെയ്തതായി ജില്ലാ പൊലീസ് മേധാവി യു. അബ്ദുൾ കരീം പറഞ്ഞു. നിരോധനാജ്ഞ ലംഘിച്ചതിന് ജില്ലയിൽ പൊലീസ് 39 കേസുകൾ കൂടി ഇന്നലെ രജിസ്റ്റർ ചെയ്തു. വിവിധ സ്റ്റേഷനുകളിലായി 63 പേരെ ഇന്നലെ അറസ്റ്റു ചെയ്തു. നിർദ്ദേശങ്ങൾ ലംഘിച്ച് നിരത്തിലിറക്കിയ 28 വാഹനങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.