നിലമ്പൂർ. നഗരസഭയിൽ രാമംകുത്തിൽ 34 വയസുകാരനു ഡെങ്കിപ്പനി ബാധിച്ചതായി സംശയം. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റ പരിശോധനയിൽ രോഗം പരത്തുന്ന ഈഡിസ് ഇനം കൊതുകിന്റ കൂത്താടിയുടെ സാന്നിദ്ധ്യം പ്രദേശത്തു കണ്ടെത്തി.
ആന്റി ബോഡി ടെസ്റ്റ് നടത്താത്തതിനാലാണു രോഗം ഔദ്യോഗികമായി സ്ഥിരീകരിക്കാത്തത്. ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ യുവാവിനെ ആരോഗ്യനില മെച്ചപ്പെട്ടതിനാൽ വീട്ടിലേക്കു വിട്ടു. ചുങ്കത്തറ സിഎച്ച്സിയിലെ ആരോഗ്യ പ്രവർത്തകർ, കൺട്രോൾ യൂണിറ്റ് അംഗങ്ങൾ എന്നിവർ പ്രദേശത്തു വീടുകൾ തോറും നടത്തിയ പരിശോധനയിൽ ഫ്രിഡ്ജ് ട്രേ, ചെടിച്ചട്ടികൾ വച്ച പാത്രങ്ങൾ, ഫ്ളവർവേയ്സ്, വിറകു മൂടിയ ടാർപോളിൻ ഷീറ്റുകൾ എന്നിവയിലെ വെള്ളത്തിൽ കൂത്താടികളെ കണ്ടത്. യുവാവിന്റ വീടിനു 100 മീറ്റർ പരിധിയിലെ എല്ലാ വീടുകളിലും കിടപ്പുമുറികളിൽ കൊതുകുനാശിനി സ്‌പ്രേ ചെയ്തു.
മൂന്നു സംഘങ്ങൾ പ്രദേശത്തു ബോധവത്കരണം നടത്തി.നഗരസഭ സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പാലോളി മെഹബൂബ്, ജെഎച്ച്എ പി.ബി.അനിൽകുമാർ, കെ.ടി.രമണീഭായി, വെക്ടർ കൺട്രോൾ യൂണിറ്റിലെ കെ.നാരായണൻ, എൻ.പി.യേശുദാസൻ, പി.സ്മിത , ടി.എസ് പ്രസീത, എ. ബിന്ദു, ആശ പ്രവർത്തകർ എന്നിവർ നേതൃത്വം നൽകി. യുവാവ് ജോലി ചെയ്യുന്ന വല്ലപ്പുഴയിലും കൊതുകുസാന്ദ്രത പരിശോധിക്കും.
നഗരസഭയിൽ ഈ വർഷം റിപ്പോർട്ടു ചെയ്യുന്ന രണ്ടാമത്തെയും ബ്‌ളോക്ക് സിഎച്ച്സി പരിധിയിൽ ഒമ്പതാമത്തെയും ഡെങ്കിപ്പനി കേസാണ് ഇന്നലത്തേത് . വഴിക്കടവ്, മൂത്തേടം പഞ്ചായത്തുകളിലാണ് നേരത്തെ രോഗബാധ കണ്ടെത്തിയത്. സ്‌കൂളുകളിൽ വെള്ളി , സ്ഥാപനങ്ങളിൽ ശനി , വീടുകളിൽ ഞായർ ദിവസങ്ങളിൽ ഡ്രൈ ഡേ ആചരിക്കണമെന്നു അധികൃതർ അഭ്യർത്ഥിച്ചു.