covid
കൊവിഡ്

മലപ്പുറം: ജില്ലയിൽ നാല് പേർക്കുകൂടി ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചു. മുംബൈയിൽ നിന്നെത്തിയ വഴിക്കടവ് മടപ്പൊയ്ക സ്വദേശി 25 കാരൻ, വളാഞ്ചേരി വടക്കുംപുറം സ്വദേശി 61കാരൻ, കോയമ്പത്തൂരിൽ നിന്നെത്തിയ താനാളൂർ സ്വദേശി 33 കാരൻ, ചെന്നൈയിൽ നിന്നെത്തിയ എടപ്പാൾ കോലൊളമ്പ് സ്വദേശി 23 കാരൻ എന്നിവർക്കാണ് രോഗബാധയെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു. സർക്കാർ അനുമതിയോടെ നാട്ടിൽ തിരിച്ചെത്തിയ ഇവരെല്ലാം മഞ്ചേരി മെഡിക്കൽ കോളജിൽ ഐസൊലേഷനിലാണ്.

മുംബൈയിലെ ജ്വല്ലറിയിൽ ജീവനക്കാരനാണ് വൈറസ് ബാധയുള്ള വഴിക്കടവ് മടപ്പൊയ്ക സ്വദേശി. മെയ് 11ന് രാത്രി 10 മണിയ്ക്ക് മറ്റ് 23 പേർക്കൊപ്പം സ്വകാര്യ ബസിൽ യാത്ര തിരിച്ച് 13ന് രാവിലെ എട്ട് മണിയ്ക്ക് കോഴിക്കോടെത്തി. അവിടെ നിന്ന് പിതാവിനും സഹോദരനുമൊപ്പം സ്വകാര്യ കാറിൽ വഴിക്കടവ് മണിമൂളിയിലെ കൊവിഡ് കെയർ സെന്ററിലെത്തി പ്രത്യേക നിരീക്ഷണം ആരംഭിച്ചു. തലവേദനയും ശരീര വേദനയും അനുഭവപ്പെട്ടത്തിനെ തുടർന്ന് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിച്ചു.

മുബൈ സിറ്റിയിൽ ഇളനീർ കച്ചവടക്കാരനാണ് വളാഞ്ചേരി വടക്കുംപുറം സ്വദേശി 61 കാരൻ. ഇയാൾക്കൊപ്പം താമസിച്ചിരുന്ന അഞ്ച് പേർക്ക് കൊവിഡ് ലക്ഷണങ്ങളുണ്ടായിരുന്നു. രണ്ട് ബസുകളിൽ 46 പേർക്കൊപ്പം നാട്ടിലേയ്ക്ക് യാത്ര തിരിച്ച് 14ന് രാവിലെ എട്ട് മണിയ്ക്ക് എടയൂരിലെത്തി കൊവിഡ് കെയർ സെന്ററിൽ പ്രവേശിച്ചു. രോഗലക്ഷണങ്ങളെ തുടർന്ന് അന്നുതന്നെ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.

താനാളൂർ സ്വദേശി 33 കാരൻ കോയമ്പത്തൂർ ഉക്കടത്ത് ബേക്കറിയിലെ ജോലിക്കാരനാണ്. മെയ് ആറിന് മറ്റൊരു തിരൂർ സ്വദേശിക്കൊപ്പം ബൈക്കിൽ നാട്ടിലേയ്ക്ക് തിരിച്ചു. കൂടെയുള്ളയാളെ തിരൂർ മൂച്ചിക്കലിൽ ഇറക്കി ഉച്ചയ്ക്ക് ഒരുമണിയോടെ താനാളൂരിലെ വീട്ടിലെത്തി. ചുമയെ തുടർന്ന് 108 ആംബുലൻസിൽ 14ന് വൈകിട്ട് ആറ് മണിയ്ക്ക് മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഇയാളുമായി അടുത്ത സമ്പർക്കമുണ്ടായ പിതാവ്, മാതാവ്, ഭാര്യ, സഹോദരൻ, തിരൂർ സ്വദേശി എന്നിവർ ആരോഗ്യ വകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലാണ്.

ചെന്നൈ കെ.പി. പാർക്കിൽ ബേക്കറി തൊഴിലാളിയാണ് എടപ്പാൾ കോലൊളമ്പ് സ്വദേശി സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു താമസം. സഹോദരി, ഭർത്താവ്, രണ്ട് കുട്ടികൾ എന്നിവരുൾപ്പെടെ വീട്ടിലുണ്ടായിരുന്ന ഏഴ് പേർക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നു. മെയ് 14ന് ഉച്ചയ്ക്ക് രണ്ട് മണിയിക്ക് വളാഞ്ചേരിയിലെത്തി. രോഗലക്ഷണങ്ങളുണ്ടെന്ന് മുൻകൂട്ടി വിവരം നൽകിയിരുന്നതിനാൽ ആരോഗ്യ വകുപ്പ് വളാഞ്ചേരിയിലെത്തിച്ച 108 ആംബുലൻസിൽ വൈകിട്ട് നാല് മണിയ്ക്ക് മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ഇന്നലെ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ മലപ്പുറം ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 43 ആയി. 21 പേരാണ് ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നത്. ഇപ്പോൾ രോഗം സ്ഥിരീകരിച്ചവരുമായി ഏതെങ്കിലും വിധത്തിൽ സമ്പർക്കമുണ്ടായവർ സ്വന്തം വീടുകളിൽ പ്രത്യേക മുറികളിൽ നിരീക്ഷണത്തിൽ കഴിയണമെന്ന് ജില്ലാ കളക്ടർ ജാഫർ മലിക് അറിയിച്ചു.