പെരിന്തൽമണ്ണ: പെരിന്തൽമണ്ണ കെ.എസ്.ആർ.ടി.സി ഡിപ്പോ വീണ്ടും തുറക്കുന്നതിന് മുന്നോടിയായി ജീവനക്കാരുടെ നേതൃത്വത്തിൽ ഡിപ്പോ ശുചീകരിച്ചു. കെ.എസ്.ആർ.ടി എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തിൽ ശുചീകരണം, പെയിന്റിംഗ് എന്നിവയുൾപ്പെടെയുള്ള ഒരാഴ്ചത്തെ സേവനപ്രവർത്തനങ്ങൾക്ക് ഇന്നലെ തുടക്കമായി. കെട്ടിടത്തിലെ പൊട്ടിപ്പൊളിഞ്ഞ പല ഭാഗങ്ങളും സിമന്റിട്ട് നേരെയാക്കി. ഫർണിച്ചറുകളും വൃത്തിയാക്കി. വരുദിവസങ്ങളിൽ ഡിപ്പോയിലെ മുഴുവൻ ബസുകളും ശുചീകരിക്കും. ചപ്പുചവറുകൾ നീക്കം ചെയ്യും. അസോസിയേഷന്റെ നേതൃത്വത്തിൽ തുക സമാഹരിച്ചാണ് പ്രവർത്തനങ്ങൾക്ക് ചെലവ് കണ്ടെത്തിയത്. പെരിന്തൽമണ്ണ യൂണിറ്റ് സെക്രട്ടറി ടി. ദേവിക, പ്രസിഡന്റ് എം അബ്ദുറഹ്മാൻ, ടി. മോഹൻദാസ്, വി.കെ.സുരേന്ദ്രൻ, കെ.സി.ശശീന്ദ്രൻ, പി .മുരളീധരൻ, കെ. പ്രസന്നചന്ദ്രൻ നേതൃത്വമേകി.