kanjav
. കഞ്ചാവ് പ്രതി കുളത്തൂർ കുറുപ്പത്താൽ സ്വദേശി കോട്ടപ്പറമ്പിൽ അബ്ദുൾ കരിം(46)

പെരിന്തൽമണ്ണ: ലോക്ക് ഡൗണിന്റെ മറവിൽ കച്ചവടക്കാർക്ക് കഞ്ചാവ് വിൽക്കാനിറങ്ങിയ ഇടനിലക്കാരൻ 1.200 കിലോഗ്രാം കഞ്ചാവുമായി അറസ്റ്റിൽ. കൊളത്തൂർ കുറുപ്പത്താൽ സ്വദേശി കോട്ടപ്പറമ്പിൽ അബ്ദുൾ കരീമാണ്(46) അറസ്റ്റിലായത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടോടെ ഒരാൾ ടൗൺഹാൾ ഭാഗത്ത് തോൾസഞ്ചിയുമായി ബൈക്കിൽ ഇരിക്കുന്നതായി രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കരീം അറസ്റ്റിലായത്. രണ്ടുമാസം മുമ്പ് തമിഴ്നാട്ടിലെ തേനി സ്വദേശി എത്തിച്ചുകൊടുത്ത കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചിരുന്നെന്നും ഇത് വിൽക്കാനെത്തിയതാണെന്നും ഇയാൾ മൊഴി നൽകി. കിലോക്ക് 50,000 രൂപയ്ക്ക് വാങ്ങുന്ന കഞ്ചാവ് ഒരുലക്ഷത്തിനാണ് ചെറുകിട കച്ചവടക്കാർക്ക് നൽകുക. കുറുപ്പത്താലിൽ ഇയാൾ മൂവായിരം ചതുരശ്ര അടി വലിപ്പമുള്ള വീട് പണിയുന്നുണ്ട്. ഇതിനുള്ള പണം കഞ്ചാവ് കച്ചവടത്തിലൂടെ നേടിയതാണെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇത് തെളിയിക്കാനായാൽ ഇയാളുടെ വസ്തുവകകൾ സർക്കാരിലേക്ക് കണ്ടുകെട്ടാം. ഇതിനായുള്ള അന്വേഷണവുമായി മുന്നോട്ടുപോവുകയാണെന്ന് സി.ഐ ശശീന്ദ്രൻ മേലേയിൽ പറഞ്ഞു. പാലക്കാട് സൗത്ത്, കൊഴിഞ്ഞാമ്പാറ സ്റ്റേഷനുകളിൽ കഞ്ചാവും മദ്യവും കടത്തിയതിന് ഇയാളുടെ പേരിൽ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു.
എ.എസ്.ഐ കെ. സുകുമാരൻ, സീനിയർ സി.പി.ഒ ഫൈസൽ കപ്പൂർ, സി.പി.ഒ. മാരായ പ്രമോദ്, മിഥുൻ, മുഹമ്മദ് സജീർ, ദിനേശൻ എന്നിവരാണ്
അന്വേഷണസംഘത്തിലുണ്ടായിരുന്നത്. പെരിന്തൽമണ്ണ കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.